പരിമിതമായ രീതിയില്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 900,000 ടണ്ണും സ്വകാര്യ സംരംഭങ്ങള്‍ക്ക് 650,000 ടണ്ണുമാണ് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. അതേസമയം കയറ്റുമതിക്ക് ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
വാണിജ്യമന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇക്കാര്യമറിയിച്ചത്. എംഎംടിസി ലിമിറ്റഡ്, എസ്ടിസി ലിമിറ്റഡ്, പിഇസി ലിമിറ്റഡ് എന്നിവയ്ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കയറ്റുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ദക്ഷിണ പൂര്‍വേഷ്യയിലും മിഡില്‍ ഈസ്റ്റ് മേഖലകളിലും ഇന്ത്യന്‍ ഗോതമ്പിന്‍റെ വില യുഎസ് ഗോതമ്പിനെ അപേക്ഷിച്ച് 20 - 30 ഡോളര്‍ അധികമാണ്. ടണ്ണിന് ശരാശരി 240 ഡോളറാണ് ഇന്ത്യന്‍ ഗോതമ്പിന് വില മതിക്കുന്നത്. അതേസമയം സബ്സിഡി അനുവദിക്കാത്തതിനാല്‍ ബംഗ്ലാദേശിലേക്ക് മാത്രമേ നിലവില്‍ സുഗമമായ കയറ്റുമതി സാധ്യമാകൂ. അതിനാല്‍ ഉയര്‍ന്ന വിലയുടെ പ്രയോജനം കയറ്റുമതി സംരംഭങ്ങള്‍ക്ക് ലഭിച്ചേക്കില്ല. |