പ്രമുഖ ഇറ്റാലിയന്‍ ഇരു ചക്രവാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിന്‍റെ സ്കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ആഗോള പ്രസിദ്ധി നേടിയ വെസ്പ ബ്രാന്‍ഡ് 2011-12ഓടെ ഇന്ത്യന്‍ നിരത്തിലിറക്കാനാണ് കമ്പനി ലക്‌ഷ്യമിടുന്നത്.
ഈയിടെ പിയാജിയോ വിയറ്റ്നാമിലെ തങ്ങളുടെ ആദ്യ ഉല്‍പാദന യൂണിറ്റ് ആരംഭിച്ചിരുന്നു. 125 സിസി, 150 സിസി വെസ്പ എല്‍എക്സ് സ്കൂട്ടറുകള്‍ എന്നിവ ഇവിടെനിന്നാണ് നിര്‍മ്മിക്കുക. പിയാജിയോയുടെ ഇന്ത്യന്‍ യൂണിറ്റായ പിയാഗിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ഇപ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ ബരാമതിയില്‍ നിര്‍മ്മാണ സൌകര്യമുണ്ട്. മുച്ചക്ര വാഹനങ്ങളാണ് ഇപ്പോള്‍ ഇവിടെ നിന്ന് നിര്‍മ്മിക്കുന്നത്.
രാജ്യത്തെ മുചക്രവാഹന വിപണിയില്‍ പിയാജിയോ ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. 1999ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 700,000 ഉപഭോക്താക്കളാണ് പിയാജിയോ ഗ്രൂപ്പിനുള്ളത്.അതേസമയം ഇന്ത്യന്‍ വിപണിയില്‍ സ്കൂട്ടറുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
നിലവില്‍ ഇറ്റലിക്ക് പുറമെ സ്പെയിന്‍, ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാണ് കമ്പനിക്ക് നിര്‍മ്മാണ സൌകര്യമുള്ളത്. ഇന്ത്യയില്‍ കാണ്‍പൂര്‍ കേന്ദ്രമായുള്ള എല്‍എംഎല്ലുമായി ചേര്‍ന്നാണ് പിയാജിയോ പ്രവര്‍ത്തിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ 90 - 100 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനും 2012ഓടെ വരുമാനം 20 ശതമാനം ഉയര്‍ത്താനും കമ്പനി ലക്‌ഷ്യമിടുന്നു.
|