രാജ്യത്തെ പ്രമുഖ ടെലികോം സംരംഭമായ ഭാരതി എയര്‍ടെല്ലിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ വായ്പ വാഗ്ദാനം ചെയ്തു. ദക്ഷിണാഫ്രിക്കന്‍ സംരംഭമായ എംടിഎന്നിന്‍റെ പകുതിയോളം ഓഹരികള്‍ സ്വന്തമാക്കാനുള്ള എയര്‍ടെല്ലിന്‍റെ നീക്കത്തെ തുടര്‍ന്നാണ് എസ്ബിഐയുടെ വാഗ്ദാനം.എംടിഎന്നില്‍ 49 ശതമാനം ഓഹരി വാങ്ങാനാണ് ഭാരതി എയര്‍ടെല്‍ ശ്രമിക്കുന്നത്. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാരതിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം നല്‍കാനാണ് പദ്ധതി. 20 കോടിയിലേറെ വരിക്കാരും 2,000 കോടി ഡോളറിന്‍റെ വരുമാനവും അത്തരമൊരു സംയുക്ത കമ്പനിക്കുണ്ടാവും. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇറാന്‍, സൈപ്രസ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എംടിഎന്നിന് ഏഴ് കോടിയോളം വരിക്കാരുണ്ട്. ഏതാണ്ട് 40,000 കോടി രൂപയാണ് വിറ്റുവരവ്. എം ടി എന്‍ - എയര്‍ടെല്‍ ഇടപാടുകള്‍ തങ്ങള്‍ താല്‍പര്യപൂര്‍വം നിരീക്ഷിച്ചുവരികയാണെന്നും അത്തരമൊരു ഇടപാടിന്‍റെ ഭാഗമാകുന്നതിന് തങ്ങള്‍ ആഗ്രഹിക്കുന്നതായും എസ്ബിഐ വ്യക്തമാക്കി. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിക്കായിരിക്കും വായ്പ അനുവദിക്കുക. |