രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടുന്ന വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 40,745 കോടി രൂപയുടെ നിക്ഷേപം നടത്തും. മുന്‍ വര്‍ഷം 36,773 കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേ നടത്തിയത്.റെയില്‍വേ മന്ത്രി മമത ബാനര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്. റെയില്‍വേ ഗവേഷണങ്ങള്‍ക്കായി 12,393 കോടി രൂപ മാറ്റിവയ്ക്കും. റോഡ് സുരക്ഷിതത്വത്തിന് (റെയില്‍വേ പാലത്തിന് മുകളിലും താഴെയുമുള്ള റോഡുകള്‍ക്ക്) 5,135 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഗേജ് മാറ്റത്തിനായി 1,906 കോടി രൂപയും യന്ത്ര സാമഗ്രികള്‍ക്കും നിര്‍മാണ ശാലകള്‍ക്കുമായി 1,797 കോടി രൂപയുമാണ് ചെലവിടുക. തകര്‍ന്ന റെയില്‍വേ ലൈനുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 2,054 കോടി രൂപയും പുതിയ ലൈനുകളുടെ നിര്‍മ്മാണത്തിന് 2,921.70 കോടി രൂപയും വകയിരുത്തും. റെയില്‍വേ ജീവനക്കാരുടെയും യാത്രക്കാരുടെയും സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 1,526 കോടി രൂപ മാറ്റിവയ്ക്കും. ലോക്കോമോട്ടീവുകള്‍ക്ക് 4,247.28 കോടി രൂപയും കാരിയേജുകള്‍ക്ക് 3,616.61 കോടി രൂപയുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നടപ്പ് വര്‍ഷം 8,121 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11,066 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 82,504 കോടി രൂപയുടെ മൊത്തം ചെലവും 90,626 കോടി രൂപയുടെ മൊത്തം വരവുമാണ് പ്രതീക്ഷിക്കുന്നത്. |