പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. സാമ്പത്തിക സര്‍വേ അവതരിപ്പിച്ചുകൊണ്ടായിരിക്കും ബജറ്റ് സമ്മേളനം തുടങ്ങുക. ആഗോള സാമ്പത്തിക മാന്ദ്യം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിയും സാമ്പത്തികക്കമ്മി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ക്കുമായിരിക്കും സര്‍വേയില്‍ മുന്‍ഗണന ലഭിക്കുക.
നാളെ റെയില്‍വേ ബജറ്റും ആറിന് പൊതുബജറ്റും അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യത്തിന്‍റെ രൂക്ഷത കുറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.7 ശതമാനമായി ഇടിഞ്ഞിരുന്നു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ശരാശരി ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ചതിന് ശേഷമാണ് വളര്‍ച്ച ഇടിഞ്ഞത്.
സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സാമ്പത്തിക കമ്മി രണ്ടര ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി ഉയര്‍ത്തി. ഇക്കാര്യം സര്‍വേയില്‍ ഉള്‍പ്പെടുത്തിയേക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുന്നതിനുള്ള ശുപാര്‍ശയും സാമ്പത്തിക സര്‍വേയില്‍ ഉണ്ടാകും.
കയറ്റുമതിയിലും വ്യാവസായികോല്‍പാദനത്തിലും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കയറ്റുമതി തുടര്‍ച്ചയായ എട്ടാം മാസവും ഇടിഞ്ഞു. 29.2 ശതമാനത്തിന്‍റെ ഇടിവാണ് മെയ് മാസത്തില്‍ കയറ്റുമതിയില്‍ അനുഭവപ്പെട്ടത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയായ യുഎസിലും യൂറോപ്പിലും മാന്ദ്യം തുടരുന്നതാണ് രാജ്യത്തിന്‍റെ കയറ്റുമതി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. |