പ്രമുഖ യുഎസ് വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് കോര്‍പറേഷന്‍റെ ചൈനയിലെ വില്‍പന നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 38 ശതമാനം ഉയര്‍ന്നു. മിനി വാനുകളുടെയും മറ്റ് ചെറു വാഹനങ്ങളുടെയും ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വില്‍പന ഉയര്‍ത്തിയത്.ജനുവരി - ജൂണ്‍ കാലയളവില്‍ 814,442 വാഹനങ്ങളാണ് കമ്പനി ചൈനയില്‍ വിറ്റഴിച്ചത്. ഓരോ മാസവും പതിനായിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ വിറ്റുപോയിരുന്നതായി കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2008ല്‍ മൊത്തം 1,094,561 വാഹനങ്ങളാണ് ജിഎം ചൈനയില്‍ വില്‍പന നടത്തിയത്.പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ മോട്ടോഴ്സിന് പ്രതീക്ഷയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തേത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് ജിഎം നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.ഈ വര്‍ഷം അവസാനത്തോടെ 4,000 പേരെ കൂടി പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതായി കഴിഞ്ഞയാഴ്ച ജനറല്‍ മോട്ടോഴ്സ് അറിയിച്ചിരുന്നു. ഡിസംബര്‍ 31 ആകുമ്പോഴേയ്ക്ക് തൊഴില്‍ ക്ഷമത 27,000ല്‍ നിന്ന് 23,500 ആയി കുറയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം ഇതിനകം തന്നെ 2,600 ജീവനക്കാരെ ജിഎം പിരിച്ചുവിട്ടിട്ടുണ്ട്. ഡീലര്‍ നെറ്റ്വര്‍ക്ക് 40 ശതമാനത്തോളം കുറയ്ക്കാനും യുഎസിലേയും മെക്സിക്കോയിലെയും ഏതാനും പ്ലാന്‍റുകള്‍ താല്‍ക്കാലികമായി പൂട്ടാനും ജനറല്‍ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. |