നേരിയ ഉയര്‍ച്ച കൈവരിച്ചെങ്കിലും നാണയപ്പെരുപ്പം പൂജ്യത്തിന് താഴെയായി തന്നെ തുടരുകയാണ്. ജൂണ്‍ 13ന് അവസാനിച്ച ആഴ്ചയില്‍ -1.14 ശതമാനമായാണ് നാണയപ്പെരുപ്പം ഉയര്‍ന്നത്. തൊട്ട് മുന്‍ ആഴ്ച -1.61 ശതമാനമായിരുന്നു നാണയപ്പെരുപ്പം.
ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില ഈ ആഴ്ചയും ഉയര്‍ന്നു തന്നെ നിന്നു. കഴിഞ്ഞ വര്‍ഷം ഈ ആഴ്ച 11.80 ശതമാനമായിരുന്നു നാണയപ്പെരുപ്പം. നാണയപ്പെരുപ്പം പൂജ്യത്തിന് താഴെതന്നെ തുടരുന്നത് പലിശ നിരക്കില്‍ കൂടുതല്‍ കുറവ് വരുത്താന്‍ ബാങ്കുകളെ പ്രേരിപ്പിച്ചേയ്ക്കും. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കില്‍ 50 പോയന്‍റിന്‍റെ കുറവ് വരുത്തിയിരുന്നു.
12 ശതമാനമെന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തി പത്ത് മാസത്തിന് ശേഷമാണ് നാണയപ്പെരുപ്പം കുത്തനെയിടിഞ്ഞ് ജൂണ്‍ ആറിന് അവസാനിച്ച ആഴ്ച പൂജ്യത്തിനും താഴെയെത്തിയത്. 1977ന് ശേഷം ആദ്യമായാണ് രാജ്യത്ത് നാണയപ്പെരുപ്പം അനുഭവപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് നാണയപ്പെരുപ്പം ക്രമാതീതമായി ഇടിയാന്‍ കാരണമായത്. |