പ്രമുഖ ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ വോക്സ്‌വാഗണ്‍ ഗ്രൂപ്പുമായി ലയനത്തിനൊരൊങ്ങുന്നു. എന്നാല്‍ ഒരു സമ്പൂര്‍ണ ഏറ്റെടുക്കല്‍ നടത്താന്‍ സാധ്യതയില്ല.
കഴിഞ്ഞ രണ്ടാഴ്ചയായി ഇരു കമ്പനികളും നടത്തിവരുന്ന ചര്‍ച്ചക്കൊടുവിലാണ് ലയനം സംബന്ധിച്ച ധാരണയായത്. എന്നാല്‍ ലയനം ഏതു രീതിയിലായിരിക്കുമെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പത്തു ബ്രാന്‍ഡഡ് കാറുകള്‍ ഒറ്റ സ്ഥാപനത്തില്‍ നിന്നിറക്കാന്‍ ലയനം സഹായിക്കുമെന്ന് പോര്‍ഷെ അറിയിച്ചു.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ വോക്സ്‌വാഗണിലെ ഓഹരി പങ്കാളിത്തം 75 ശതമാനമായി ഉയര്‍ത്താനാണ് പോര്‍ഷെ ഉദ്ദേശിക്കുന്നത്. വോക്സ്‌വാഗണിലുള്ള ഓഹരി വിഹിതം 50 ശതമാനം വര്‍ധിപ്പിച്ചതായി കഴിഞ്ഞ ജനുവരിയില്‍ പോര്‍ഷെ അറിയിച്ചിരുന്നു. അതേസമയം വോക്സ്‌വാഗണില്‍ 75 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായാലും അതിന്‍റെ പൂര്‍ണ നിയന്ത്രണം പോര്‍ഷെക്കു ലഭിച്ചേക്കില്ല.
ഒരു മാസത്തിനുള്ളില്‍ ലയനം സംബന്ധിച്ച വ്യക്‌തമായ ധാരണ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളും കമ്പനി ഉടമകളും തൊഴിലാളി നേതാക്കളും ചര്‍ച്ചകള്‍ നടത്തി വരികയാണ്. |