സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്‍റെ വില്പന സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. കമ്പനിക്ക് ഉചിതരായ നിക്ഷേപ സംരംഭകരെ മുംബൈയില്‍ ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ പ്രഖ്യാപിക്കും.
നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ന് രാവിലെ ഒമ്പത് മണിവരെ തങ്ങളുടെ താല്‍പര്യപത്രം സമര്‍പ്പിക്കാമെന്ന് സത്യം ബോര്‍ഡ് ചെയര്‍മാന്‍ കിരണ്‍ കാര്‍ണിക് പറഞ്ഞു. എഞ്ചിനീയറിംഗ് സ്ഥാപനമായ എല്‍ ആന്‍ഡ് ടി ആണ് നിക്ഷേപം നടത്താന്‍ തയ്യാറായവരില്‍ മുന്‍പന്തിയില്‍. ടെക് മഹീന്ദ്ര, ഡബ്ലിയു എല്‍ റോസ് എന്നിവയും സത്യം ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
എല്‍ ആന്‍ഡ് ടിയ്ക്ക് ഇതിനകം തന്നെ സത്യത്തില്‍ 12.04 ശതമാനം ഓഹരികളുണ്ട്. സത്യവുമായുള്ള ഇടപാടില്‍ നിക്ഷേപ ബാങ്കര്‍മാരായി നോമുറയെയും സിറ്റി ഗ്രൂപ്പിനെയും എല്‍ ആന്‍ഡ് ടി നിയമിച്ചതായാണറിയുന്നത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് പി ഭറൂച്ചയുടെ മേല്‍ നോട്ടത്തിലായിരിക്കും വില്പന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. |