ബിസിനസ് വീക്ക് മാഗസിന്‍ തെരഞ്ഞെടുത്ത 50 അതിനൂതന കമ്പനികളില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് സംരംഭങ്ങള്‍ സ്ഥാനം നേടി. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ്, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നിവയാണ് അതിനൂതന കമ്പനികളുടെ പട്ടികയില്‍ സ്ഥാനം നേടിയത്.
ടാറ്റ ഗ്രൂപ്പ് പതിമൂന്നാം സ്ഥാനത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പതിനഞ്ചാം സ്ഥാനത്തും ഇന്‍ഫോസിസ് ഇരുപത്തി ആറാം സ്ഥാനത്തുമാണ്. ആഗോളതലത്തിലുള്ള വന്‍ സംരംഭങ്ങളായ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്സ് (17), ജര്‍മ്മനിയിലെ ബിഎംഡബ്ലിയു (20), ജപ്പാനിലെ ഹോണ്ട മോട്ടോര്‍ (22) എന്നിവയുടെ മുന്നിലാണ് ടാറ്റയുടെയും റിലയന്‍സിന്‍റെയും സ്ഥാനം.
അതേസമയം 2008ല്‍ ടാറ്റ ഗ്രൂപ്പിന്‍റെ സ്ഥാനം ആറായിരുന്നു. എന്നാല്‍ റിലയന്‍സിന്‍റെ സ്ഥാനം കഴിഞ്ഞ വര്‍ഷം 19 ആയിരുന്നു. ഇന്‍ഫോസിസ് 2008ല്‍ പട്ടികയിലിടം നേടിയിരുന്നില്ല. ഇന്ത്യന്‍ വംശജനായ ലക്ഷ്മി മിത്തലിന്‍റെ നേതൃത്വത്തിലുള്ള ആര്‍സലോര്‍ മിത്തല്‍ പട്ടികയില്‍ മുപ്പത്തി അഞ്ചാം സ്ഥാനത്തുണ്ട്.
ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ആണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷവും ഈ രണ്ട് കമ്പനികള്‍ തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനത്ത്. ജാപ്പനീസ് വാഹന നിര്‍മ്മതാക്കളായ ടയോട്ട മോട്ടോര്‍, സോഫ്റ്റ്വെയര്‍ സംരംഭമായ മൈക്രോസോഫ്റ്റ്, ജപ്പാന്‍റെ നിന്‍റെന്‍ഡൊ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്.
|