ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് രാജ്യത്തിന്‍റെ കയറ്റുമതി ഫെബ്രുവരിയില്‍ അമ്പത് ശതമാനത്തോളം ഇടിഞ്ഞു. ആഗോളതലത്തില്‍ കാറുകളുടെയും വിവിധ സാങ്കേതിക ഉല്‍പന്നങ്ങളുടേയും ഉപഭോഗം ഗണ്യമായി കുറഞ്ഞതാണ് ജപ്പാന്‍റെ കയറ്റുമതിയെ ബാധിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ നേരിടുന്നത്. ആഗോള തലത്തില്‍ മാന്ദ്യം രൂക്ഷമായി തുടരുന്നതിനാല്‍ കയറ്റുമതിയില്‍ പെട്ടന്നൊരു തിരിച്ചുവരവ് ജപ്പാന്‍ പ്രതീക്ഷിക്കുന്നില്ല. ജപ്പാന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണികളായ അമേരിക്കയിലും ചൈനയിലും ഉപഭോഗത്തില്‍ ഇതുവരെ വര്‍ദ്ധന വന്നിട്ടില്ല.
ജനുവരിയില്‍ 45.7 ശതമാനമാണ് രാജ്യത്തിന്‍റെ കയറ്റുമതി ഇടിഞ്ഞത്. ഫെബ്രുവരിയില്‍ ഇത് 49.4 ശതമാനമായതായാണ് സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ 2008 അവസാന പാദത്തില്‍ 12.1 ശതമാനത്തിന്‍റെ ഇടിവാണ് ജപ്പാന്‍ നേരിട്ടത്. സാമ്പത്തിക വളര്‍ച്ച പ്രധാനമായും കയറ്റുമതിയെ ആശ്രയിച്ച് നില്‍ക്കുന്നതിനാല്‍ നിലവിലെ പാദത്തിലും ഒരു തിരിച്ചുവരവ് ജപ്പാന് പ്രതീക്ഷിക്കാനാവില്ല. |