ജനുവരിയില്‍ സത്യം ക്രമക്കേട് പുറത്തുവന്നതിന് ശേഷം കമ്പനിയുമായുള്ള പുറം ജോലി കരാറില്‍ നിന്ന് 36 സ്ഥാപനങ്ങള്‍ ഇതുവരെ പിന്‍മാറിയതായി റിപ്പോര്‍ട്ട്. അതേസമയം ഈ സ്ഥാപനങ്ങള്‍ മറ്റ് ഐടി സംരംഭങ്ങളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രൊ, ഐബിഎം, ആക്സെഞ്ച്വര്‍ തുടങ്ങിയവയ്ക്ക് കരാര്‍ കൈമാറിയതായും ഒരു പ്രമുഖ പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്ലൈഡ് മെറ്റീരിയല്‍ ഇംക്, ടെല്‍സ്ട്ര കോര്‍പറേഷന്‍, നിസാന്‍ മോട്ടോര്‍, സോണി ഗ്രൂപ്പ് തുടങ്ങിയ കമ്പനികള്‍ സത്യവുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങുകയോ മറ്റ് കമ്പനികള്‍ക്ക് പുറം ജോലിക്കരാര്‍ കൈമാറാന്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ സത്യം വക്താവ് തയ്യാറായില്ല.
നിസാന്‍ മോട്ടോഴ്സിന്‍റെ വടക്കെ അമേരിക്കന്‍ യൂണിറ്റ് സത്യവുമായുള്ള കരാര്‍ തുടരുന്നതായി ഒരു കമ്പനി വക്താവ് അറിയിച്ചു. കരാര്‍ അവസാനിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 2006 ലാണ് നിസാന്‍ സത്യത്തിന് ദശലക്ഷകണക്കിന് ഡോളറിന്‍റെ പുറം ജോലിക്കരാര്‍ നല്‍കിയിരുന്നത്. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സോണിയുടെയും ടെല്‍സ്ട്രയുടെയും വക്താക്കള്‍ തയ്യാറായില്ല. 32 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്‍റെ കരാറാണ് സത്യവും ടെല്‍സ്ട്രയും തമ്മിലുള്ളത്.
|