ആഗോള സാമ്പത്തിക വളര്‍ച്ച പൂജ്യത്തിനും താഴെയാവാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ചയും ഉപഭോക്തൃതലത്തിലും വ്യാപാരതലത്തിലും വ്യാപിച്ചിട്ടുള്ള ആശങ്കയും ആഭ്യന്തര ഉപഭോഗം ഗണ്യമായി കുറച്ചതായി ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ഡൊമിനിക് സ്ട്രോസ് ഖാന്‍ പറഞ്ഞു. ടാന്‍സാനിയന്‍ തലസ്ഥാനമായ ദാര്‍സലാമില്‍ ആഫ്രിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രങ്ങള്‍ അവരുടെ പ്രശ്നങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ആഫ്രിക്കന്‍ രാജ്യങ്ങളെ കാണാതെപോകരുതെന്നും സ്ട്രോസ് ഖാന്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളര്‍ച്ച മൂന്ന് ശതമാനമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പല ആഫ്രിക്കന്‍ രാജ്യങ്ങളും കനത്ത പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യധാര സമൂഹത്തില്‍നിന്ന് അവര്‍ മറ്റി നിര്‍ത്തപ്പെടുകയാണെന്നും സ്ട്രോസ് പറഞ്ഞു.
ഏപ്രില്‍ ആദ്യം ജി 20 രാഷ്ട്രങ്ങളിലെ സാമ്പത്തികകാര്യ മന്ത്രിമാര്‍ ലണ്ടനില്‍ യോഗം ചേരാനിരിക്കെയാണ് ലോകബാങ്ക് ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക മന്ത്രിമാര്‍ ഇന്ന് ബ്രസലില്‍ യോഗം ചേരുന്നുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയും ഐഎംഎഫ് വായ്പ ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകതയുമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
ആഗോള സമ്പദ് വ്യവസ്ഥയും അഗോള വ്യാപാരവും ഈ വര്‍ഷം ഗണ്യമായ ഇടിവ് നേരിടുമെന്ന് ലോക ബാങ്കും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഇതെന്നാണ് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയത്. |