സത്യം മുന്‍ ചെയര്‍മാന്‍ രാമലിംഗരാജു, സഹോദരന്‍ രാമരാജു, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വദ്‌ലമണി ശ്രീനിവാസ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈദരാബാദ് കോടതി തള്ളി. ഹൈദരാബാദ് ആറാം അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയാണ് അപേക്ഷ തള്ളിയത്. ജനുവരി 31വരെ മൂവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് നേരത്തെ ഉത്തരവായിട്ടുണ്ട്.
7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിന് രാമലിംഗ രാജുവിനേയും രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 120 ബി (ഗൂഢാലോചന), 420 (വഞ്ചന), 409 (വിശ്വാസ വഞ്ചന), 468 (കള്ളപ്രമാണമുണ്ടാക്കല്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകളാണ് ഇരുവക്കുംമേല്‍ ചുമത്തിയിട്ടുള്ളത്.
അതേസമയം എസ്‌ആര്‍എസ്‌ആര്‍ ഹോള്‍ഡിംഗ്സ് ജനറല്‍ മാനേജര്‍ ഗോപാല കൃഷ്ണ രാജുവിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നുള്ള പൊലീസിന്‍റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. രാജുവിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എസ്‌ആര്‍എസ്‌ആര്‍ ഹോള്‍ഡിംഗ്സ്. ജനുവരി 22നാണ് സത്യം കുംഭകോണവുമായി ബന്ധപ്പെട്ട് ഗോപാല കൃഷ്ണ രാജുവിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യപ്പെട്ട ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ ഹൌസിലെ എസ് ഗോപാലകൃഷ്ണന്‍, ടി ശ്രീനിവാസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ജനുവരി 29ന് പരിഗണിയ്ക്കും. |