സത്യം കംപ്യൂട്ടേഴ്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എന്നിവരെ അടുത്തയാഴ്ച പ്രഖ്യാപിക്കും. രണ്ട് തസ്‌തികകളിലേക്കുമായി മൂന്നു പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സിഇഒ, സിഎഫ്‌ഒ നിയമനം കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം വിലയിരുത്തി. കമ്പനിയുടെ പ്രധാന ഉപഭോക്‌താക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഇവരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബോര്‍ഡ് അംഗം കിരണ്‍ കാര്‍ണിക് പറഞ്ഞു.
ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെ ആവശ്യത്തിനു പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് 28 ന് മുന്‍പ് തീരുമാനം കൈക്കൊള്ളും. കമ്പനിയുടെ കൈവശമുള്ള ആസ്‌തികള്‍ പണയപ്പെടുത്തി പണം സമാഹരിക്കാനുള്ള മാര്‍ഗങ്ങളും ആരായുമെന്ന് ബോര്‍ഡ് അംഗം ദീപക് പരേഖ് പറഞ്ഞു. കമ്പനിക്ക് പലയിനത്തില്‍ കിട്ടാനുള്ള പണം ലഭിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. സത്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് ഏതാനും ചില ബാങ്കുകളുമായും ബോര്‍ഡ് യോഗം ചര്‍ച്ച നടത്തി. 26, 27 തീയതികളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും പരേഖ് പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചു സംശയിക്കാന്‍ തക്കതായ കാരണങ്ങളില്ലെന്നും 53,000 ജീവനക്കാരാണ് കമ്പനിയിലുള്ളതെന്നും ബോര്‍ഡ് യോഗം വ്യക്‌തമാക്കി.
|