സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ എന്ന പേരില്‍ അറിയപ്പെടുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വില്‌പന 1,000 കോടി രൂപയ്ക്ക് മുകളിലായി. സപ്ലൈകോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യോഗേഷ് ഗുപ്‌ത അറിയിച്ചതാണിത്.ഓണക്കാലത്ത് മികച്ച വില്‍പ്പന നടത്തിയ സപ്ലൈകോ നവംബര്‍ മൂന്നാം വാരത്തോടെയാണ് വിറ്റുവരവില്‍ മികച്ച നേട്ടം കൈവരിച്ചത്. 2008-09 ല്‍ 1500 കോടി രൂപയുടെ വില്‌പനയാണ് സപ്ലൈകോയുടെ ലക്‍ഷ്യം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ മൊത്തം വിറ്റുവരവ് 1,256 കോടി രൂപയായി ഉയര്‍ന്നതോടെ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചിരുന്നു. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സപ്ലൈകോയുടെ ലാഭം എട്ടുകോടി രൂപയില്‍നിന്ന് 10 കോടി രൂപയായി ഉയരുമെന്നു പ്രതീക്ഷിക്കുന്നതായും യോഗേഷ് ഗുപ്ത പറഞ്ഞു. സപ്ലൈകോ നിത്യോപയോഗസാധനങ്ങള്‍ പൊതുവിപണിയെക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് വില്‍ക്കുന്നത്. ഇതിനൊപ്പം കണ്‍സ്യൂമര്‍ ഉത്‌പന്നങ്ങള്‍ക്കും എംആര്‍പിയെക്കാള്‍ വിലക്കുറവുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 87 സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളിലൂടെ 10 മുതല്‍ 25 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് വില്‍പ്പനയും നടത്തുന്നുണ്ട്.സംസ്ഥാനത്ത് ക്രിസ്‌മസിന് മൂന്ന് പ്രത്യേക പീപ്പിള്‍സ് ബസാറുകള്‍ ആരംഭിക്കും. എണ്ണൂറോളം ഔട്ട്‌ലെറ്റുകളിലും ക്രിസ്‌മസ് ചന്തയുണ്ടാവും. ബക്രീദ്, ക്രിസ്‌മസ് എന്നിവ മുന്‍നിര്‍ത്തി ഡിസംബര്‍ ഒന്നുമുതല്‍ 1,000 രൂപയ്‌ക്ക് മേല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ വെളിച്ചെണ്ണ സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട് എന്ന് യോഗേഷ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. |