ആഗോള വ്യാപകമായ സാമ്പത്തിക മാന്ദ്യം ഒടുവില്‍ ജപ്പാനിലും പ്രകടമായി. ലോകത്തെ സാമ്പത്തിക മേഖലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായാണ് ജപ്പാനെ കണക്കാക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ജപ്പാനെ സാമ്പത്തിക മാന്ദ്യം പിടികൂടുന്നത്.
രാജ്യത്ത് നിന്നുള്ള വിവിധ മേഖലകളിലെ കയറ്റുമതിയെയും വിവിധ ഇടപാടുകളും നിക്ഷേപങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചിരിക്കുകയാണെന്നാണ് വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, ഇറ്റലി എന്നിവയ്ക്കൊപ്പം ഇപ്പോള്‍ ജപ്പാനും ചേര്‍ന്നിരിക്കുകയാണ്. ജപ്പാനിലെ സാമ്പത്തിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ സെപ്തംബറില്‍ 0.1 ശതമാനം തിരിച്ചടിയാണുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ മൊത്തം തിരിച്ചടിയാവട്ടെ 0.9 ശതമാനവും.
ഈ നിരക്കുകളെല്ലാം കാണിക്കുന്നത് ജപ്പാനിലും സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങി എന്നാണെന്ന് ധനകാര്യ മന്ത്രി കവോരു യോസാനോ പറയുന്നു. ഈ നില വീണ്ടും ഗുരുതരമാവുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ പ്രഖ്യാപനം ഉണ്ടായതോടെ ജപ്പാനിലെ ടോക്യോ ഓഹരി വിപണി സൂചിക തിങ്കളാഴ്ച രാവിലെ 1.3 ശതമാനം തിരിച്ചടി നേരിട്ടു. എങ്കിലും ഇതുവരെയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ മാന്ദ്യത്തിന് സമമായ തോതില്‍ വ്യാപകമായ തിരിച്ചടി ജപ്പാനില്‍ ഉണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്.
|