പൊതുവിപണിയില്‍ കൂടുതല്‍ ഗോതമ്പ് എത്തിക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. 8.4 ലക്ഷം ടണ്‍ ഗോതമ്പാണ് ഇത്തരത്തില്‍ വിപണിയിലെത്തിക്കുന്നത്.
ഇതിനായി എഫ്.സി.ഐ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. മൊത്തക്കച്ചവടക്കാരും ബിസ്കറ്റ് നിര്‍മ്മാതാക്കളും വന്‍കിട മില്ലുടമകളുമാവും ടെണ്ടറില്‍ പങ്കെടുക്കുക.
രാജ്യത്തെ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വിപണിയില്‍ കൂടുതല്‍ ഗോതമ്പ് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്‍ഷ്യമാക്കുന്നത്. ഒക്‍ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തന്നെ ഈ ഗോതമ്പ് പൊതുവിപണിയില്‍ എത്തിക്കാനാണ് എഫ്.സി.ഐ ഒരുങ്ങുന്നത്.
എഫ്.സി.ഐ യുടെ തീരുമാനം അനുസരിച്ച് മഹാരാഷ്ട്രയില്‍ 75,000 ടണ്ണും കേരളത്തില്‍ 60,000 ടണ്ണും ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 50,000 ടണ്‍ വീതവും ഗോതമ്പാണ് വിപണിയിലെത്തിക്കുക.
ബിഹാര്‍, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മില്ലുകള്‍ക്ക് 40,000 ടണ്‍ ഗോതമ്പ് വീതവും ലഭ്യമാവും. മറ്റ് സംസ്ഥാനങ്ങളില്‍ 20,000 മുതല്‍ 30,000 ടണ്‍ വരെയാവും ലഭിക്കുക.
|