ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് തിങ്കളാഴ്ച രാവിലെ 25 പൈസ താഴേക്ക് പോയി. എണ്ണ കമ്പനികള്‍ വിപണിയില്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ഇറങ്ങിയതാണ് ഇതിനു പ്രധാന കാരണം.
എണ്ണ കമ്പനികളില്‍ നിന്നുള്ള ആവശ്യം ഉയര്‍ന്നതും എണ്ണയുടെ ലഭ്യതയില്‍ ഉണ്ടായ കുറവും എണ്ണ വില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിച്ചു. ഇതും രൂപയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച ഏഷ്യന്‍ വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 115 ഡോളര്‍ എന്ന നിലയിലാണുള്ളത്. വിപണിയില്‍ വ്യാഴാഴ്ച വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 43.01/02 എന്ന നിലയിലായിരുന്നു. എന്നാല്‍ ഇത് തിങ്കളാഴ്ച രാവിലെ 43.29/31 എന്ന നിലയിലേക്ക് താണു. ഏറെ കഴിഞ്ഞ് പതിനൊന്ന് മണിയോടെ ഇത് 43.26/27 എന്ന നിലയിലായി.
പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച് സെബിയുടെ കര്‍ശന നിയന്ത്രണം ഉള്ളത് ഓഹരി വിപണിയിലെ മൂലധന നിക്ഷേപം ഗണ്യമായി കുറയാനിടയാക്കി. ഇത് തിങ്കളാഴ്ച രാവിലെ വിപണിയെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതും രൂപയ്ക്ക് തിരിച്ചടീയായി.
|