ഓണക്കാലത്ത് കേരളീയര്‍ക്ക് മെച്ചപ്പെട്ട നിലയില്‍ നിയന്ത്രിത വിലയില്‍ അവശ്യ സാധനങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സിവില്‍ സപ്ലൈസ് കോരപ്പറേഷന്‍ തയ്യാറെടുപ്പ് നടത്തുന്നു. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളായ കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയും സപ്ലൈകോയുമായി സഹകരിക്കും.
നിലവിലെ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. സപ്‌ളൈകോ എം.ഡി. യോഗേഷ് ഗുപ്‌ത അറിയിച്ചതാണിത്.
ഇതിനൊപ്പം ഏവര്‍ക്കും വാങ്ങാന്‍ കഴിയുന്ന ഗിഫ്റ്റ് കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. 370 രൂപ വിലയ്ക്കുള്ള കിറ്റുകള്‍ 300 രൂപയ്ക്കാണ് നല്‍കുന്നത്. ചെറുകുടുംബത്തിനുവേണ്ട സാധനങ്ങള്‍ കിറ്റിലുണ്ടാവും. രണ്ടുകിലോ അരിയടക്കം ഉള്ള സാധനങ്ങളാണ് ഇതില്‍ ഉണ്ടാവുക. മെട്രോ ഫെയറുകള്‍ വഴിയാണ് കിറ്റുകള്‍ വില്‍ക്കുക.
ഇത് കൂടാതെ ഓരോ കാര്‍ഡ് ഉടമയ്ക്കും 10 കിലോ കുത്തരിവീതം 14 രൂപ നിരക്കില്‍ നല്‍കും. സര്‍ക്കാര്‍ സ്കൂളുകളില്‍ എട്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോവീതം അരിയും നല്‍കുന്നതാണ്.
ഓണക്കാലത്തോട് അനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് 4000 ഓണച്ചന്തകള്‍ തുറക്കും. കൂടാതെ സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവര്‍ക്കും ഓണച്ചന്തകള്‍ തുറക്കും.
അരിയടക്കം 31 ഇനങ്ങളാണ് ഓണച്ചന്തയില്‍ ലഭിക്കുക. ത്രിവേണി സ്റ്റോറുകളിലൂടെ 60 രൂപ വിലയ്ക്കുള്ള പായസകിറ്റും വിതരണം ചെയ്യും.
ഹോര്‍ട്ടി കോര്‍പ് 100 ഓണച്ചന്തകള്‍ തുറക്കും. പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് ചെന്നെത്താന്‍ പറ്റുന്ന സ്ഥലങ്ങളിലാണ് ഓണച്ചന്തകള്‍ ആരംഭിക്കുക. സംസ്ഥാനത്തെ 5 കോര്‍പ്പറേഷനുകളില്‍ ഹോര്‍ട്ടികോര്‍പ് ഓരോ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും.
100 രൂപയ്ക്കുള്ള രണ്ടുലക്ഷത്തോളം പച്ചക്കറി കിറ്റുകളാണ് ഹോര്‍ട്ടികോര്‍പ് ഇത്തവണ വിപണിയിലിറക്കുക. ഇത് കൂടാതെ സഞ്ചരിക്കുന്ന പച്ചക്കറി വില്‌പനശാലകള്‍ ആരംഭിക്കാനും ഹോര്‍ട്ടി കോര്‍പ്പ് ലക്‍ഷ്യമിടുന്നു.
|