രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് 2007-08 സാമ്പത്തിക വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ ഇരട്ടി അറ്റാദായം കൈവരിച്ചു.
ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്‍ടറുമായ കെ.സി.ചക്രബര്‍ത്തി അറിയിച്ചതാണിത്. ഇക്കാലയളവില്‍ ബാങ്കിന്‍റെ അറ്റാദായം ഏതാണ്ട് ഇരട്ടിയായി വര്‍ദ്ധിച്ച് 544 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം 2006-07 ലെ അവസാന പാദത്തിലെ അറ്റാദായം 238 കോടി രൂപയായിരുന്നു.
ബാങ്കിന്‍റെ ഉയര്‍ന്ന തോതിലുള്ള അറ്റാദായ വര്‍ദ്ധന കാരണം ബാങ്ക് ഡയറക്‍ടര്‍ ബോര്‍ഡ് ഓഹരി ഉടമകള്‍ക്ക് 130 ശതമാനം ലാഭവിഹിതം നല്‍കാനും തീരുമാനിച്ചു. ഇതനുസരിച്ച് ബാങ്കിന്‍റെ 10 രൂപാ മുഖവിലയുള്ള ഓഹരിക്ക് 13 രൂപാ ലാഭം ലഭിക്കും.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്‍റെ മൊത്ത വരുമാനം 4,417 കോടി രൂപയായി വര്‍ദ്ധിച്ചു. 2006-07 ലെ മൊത്തവരുമാനം 3,713 രൂപയില്‍ നിന്ന് 19 ശതമാനം വര്‍ദ്ധനയാണുണ്ടായത്.
അതേ സമയം 2007-08 ലെ മൊത്തത്തിലുള്ള അറ്റാദായം 33 ശതമാനം വര്‍ദ്ധനയോടെ 2,049 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1,540 കോടി രൂപയായിരുന്നു. അതുപോലെ ബാങ്കിന്‍റെ 2006-07 ലെ മൊത്ത വരുമാനം 12,967 കോടി രൂപയില്‍ നിന്ന് 2007-08 ല്‍ 16,263 കോടി രൂപയായും വര്‍ദ്ധിച്ചതായി ചക്രബര്‍ത്തി അറിയിച്ചു.
താമസിയാതെ ബാങ്കിന്‍റെ പ്രവര്‍ത്തനം നോര്‍വെ, ദുബായ്, കാനഡ, സിംഗപൂര്‍ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചെന്ന് ചക്രബര്‍ത്തി പറഞ്ഞു.
|