രാജ്യത്തെ ഭക്‍ഷ്യ എണ്ണയുടെ ഇറക്കുമതിയില്‍ 31 ശതമാനം വര്‍ദ്ധനയുണ്ടായി. സോള്‍വന്‍റ് എക്സ്ട്രാക്‍റ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചതാണിത്.
2007 നവംബര്‍ മുതല്‍ 2008 ഏപ്രില്‍ വരെയുള്ള ആറ് മാസ കാലത്താണ് ഈ വര്‍ധനയുണ്ടായത്. ഇക്കാലയളവില്‍ രാജ്യത്തെ ഭക്‍ഷ്യ എണ്ണ ഇറക്കുമതി 2,255 മില്യന്‍ ടണ്‍ ആയി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഭക്‍ഷ്യ എണ്ണ ഇറക്കുമതിയുടെ അളവ് 1,707 മില്യന്‍ ടണ്‍ ആയിരുന്നു.
റാബി സീസണിയില്‍ രാജ്യത്തെ ഭക്‍ഷ്യ എണ്ണയുടെ ഉല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ ഭക്‍ഷ്യ എണ്ണ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈയിനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത്.
2007-08 വര്‍ഷത്തെ റാബി സീസണിയിലെ എണ്ണക്കുരു ഉല്‍പ്പാദനം 10.4 ശതമാനം കുറഞ്ഞ് 9.21 മില്യന്‍ ടണ്‍ ആയി താണു. എണ്ണക്കുരുക്കള്‍ കൃഷി ചെയ്ത സ്ഥലങ്ങള്‍ ഗോതമ്പ്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാനായി ഉപയോഗിച്ചതിനെ തുടര്‍ന്ന് എണ്ണക്കുരു കൃഷി കുറയുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥത്തില്‍ എണ്ണക്കുരു ഉല്‍പ്പാദനത്തിലെ കുറവിനുണ്ടായ പ്രധാന കാരണം.
ഉല്‍പ്പാദനത്തിലെ കുറവും ലഭ്യതയും പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഭക്‍ഷ്യ എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ അസംസ്കൃത ഭക്‍ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ തീര്‍ത്തും എടുത്തുകളയുകയും ചെയ്തു. ഇതിനൊപ്പം ശുദ്ധീകരിച്ച ഭക്‍ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
|