സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉദ്ദേശിച്ച് കേന്ദ്ര കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക് അഥവാ നബാര്‍ഡ് വായ്പ നല്‍കുന്നു.
കേന്ദ്ര സ്ഥാപനമായ നബാര്‍ഡിന്‍റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടില്‍ നിന്നാണ് കേരളത്തിന് 144.33 കോടി രൂപയുടെ വായ്‌പ പുതുതായി അനുവദിച്ചത്.
മൊത്തം 63 പദ്ധതികള്‍ക്കാണ് നബാര്‍ഡിന്‍റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ പാക്കേജില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്ക്കു കുറുകെ നിര്‍മ്മിക്കുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്കായി ജലവിഭവവകുപ്പിന് 95.12 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഒരു ടൂറിസം റോഡ് ഉള്‍പ്പെടെ 13 ഗ്രാമീണ റോഡുകള്‍, മൂന്നു പാലങ്ങള്‍ എന്നിവയ്ക്കായി 35.44 കോടി രൂപ പൊതുമരാമത്ത് വകുപ്പിനായി നീക്കിവച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നത് ആലപ്പുഴ, ഇടുക്കി, പാലക്കാട്, കൊല്ലം, കോട്ടയം, തൃശൂര്‍, മലപ്പുറം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ്.
ഇത് കൂടാതെ തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 42 ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 7.65 കോടി, ഭൂവികസന കോര്‍പ്പറേഷന്‍ വഴി ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്ന മൂന്ന് ഡ്രെയിനേജ് പദ്ധതികള്‍ക്കായി 3.02 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്ന 63 പദ്ധതികള്‍ വഴി 31.73 ലക്ഷം തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നബാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 283 കോടി രൂപയുടെ 397 പദ്ധതികള്‍ക്ക് നബാര്‍ഡ് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
|