രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനമായി കുറഞ്ഞേക്കുമെന്ന് സൂചന. രാജ്യത്തെ ദേശീയ വരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട ഉദ്ദേശ വിവരങ്ങളിലാണ് ഇത്തരമൊരു സൂചനയുള്ളത്.
2006-07 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നു. എന്നാല്‍ 2007-08 ലെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരിക്കും എന്നായിരുന്നു റിസര്‍വ് ബാങ്ക് നേരത്തേ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യ പകുതിയിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.1 ശതമാനമായിരുന്നു.
2006-07 ലെ ജി.ഡി.പി 28,64,310 കോടി രൂപയായിരുന്നെങ്കില്‍ 2007-08 ല്‍ ഇത് 31,14,452 കോടി രൂപയായിരിക്കും എന്നാണ് ഉദ്ദേശമായി കണക്കാക്കുന്നത്. ഈ കുറവിനു കാരണം കൃഷി, അനുബന്ധ മേഖലകള്‍ എന്നിവയിലെ വളര്‍ച്ചാ നിരക്ക് കേവലം 2.6 ശതമാനമായിരിക്കും എന്നതാണ്. 2006-07 ലെ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.8 ശതമാനമായിരുന്നു.
അതുപോലെ തന്നെ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക് 2006-07 ലെ 12 ശതമാനത്തില്‍ നിന്ന് 2007-08 ല്‍ 9.4 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
|