സംസ്ഥാനത്തെ സ്വകാര്യ ബാങ്കുകളുടെ മുന്‍നിരയിലുള്ള ഫെഡറല്‍ ബാങ്ക് അബുദാബിയില്‍ പ്രതിനിധി ഓഫീസ് തുറക്കുന്നു. ഐക്യ അറബ് എമിറേറ്റ്‌സില്‍ പ്രതിനിധി ഓഫീസ് ആരംഭിക്കുന്നതിനാണ് ഫെഡറല്‍ ബാങ്കിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതിനുള്ള അനുമതി സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ ആണ് നല്‍കിയിരിക്കുന്നത്. ഇതോടെ അബുദാബിയില്‍ ആദ്യമായി ഓഫീസ് തുറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാങ്ക് എന്ന നേട്ടമാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിരിക്കുന്നത്.
നിലവില്‍ ഗള്‍ഫ് മേഖലയിലെ നാലു ലക്ഷത്തോളം പേരാണ് ഫെഡറല്‍ ബാങ്കുമായി വിവിധ ഇടപാടുകള്‍ നടത്തുന്നത്. ഫെഡറല്‍ ബാങ്കിന്‍റെ ഈ ഇടപാടുകാര്‍ക്ക് വേണ്ട വിശദമായ സേവനം നല്‍കുന്നതിന് ഇവിടെ പ്രതിനിധി ഓഫീസ് തുറക്കുന്നതോടെ കഴിയുമെന്നാണ് ബാങ്ക് അധികൃതര്‍ കണക്കാക്കുന്നത്.
ഇന്ത്യയിലേക്ക് പശ്ചിമ ഏഷ്യയില്‍ നിന്നു പണമയയ്ക്കുന്നതിനായി ഫെഡറല്‍ ബാങ്കിന് ഇപ്പോള്‍ തന്നെ 20 എക്സ്ചേഞ്ചുകളുമായും എട്ടു ബാങ്കുകളുമായും സംവിധാനമുണ്ട് എന്നതും പ്രതിനിധി ഓഫീസ് തുറക്കുന്നതിന് സഹായകമായിട്ടുണ്ട്.
പ്രതിനിധി ഓഫീസ് കൂടി ഇവിടെ ആരംഭിക്കുന്നതോടെ കൂടുതല്‍ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ, ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
ബാങ്കിന്‍റെ മറ്റൊരു പ്രധാന ലക്‌ഷ്യം ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററില്‍ ഒരു ഘടകം സ്ഥാപിക്കുക എന്നതണ്. ബാങ്കിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലായിരിക്കും ഈ ഘടകം സ്ഥാപിക്കുക. ബാങ്കിന്‍റെ പ്രതിനിധി ഓഫീസ് അബുദാബിയില്‍ ആരംഭിക്കാന്‍ ലഭിച്ച അനുമതി ഇതിനു സഹായകമാകുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടലുകള്‍.
|