ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ലേഖനങ്ങള്‍ » സ്വര്‍ണവില റെക്കോര്‍ഡില്‍; കുറയാന്‍ സാധ്യതയുണ്ടോ? (Gold price in its heights; will it come down?)
Feedback Print Bookmark and Share
 
Gold, price
PRO
PRO
രാജ്യത്ത് സ്വര്‍ണവില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഒരു പവന്‍ സ്വന്തമാക്കണമെങ്കില്‍ 12,280 രൂപ വേണമെന്നാണ് അവസ്ഥ. ഒരു ഗ്രാം സ്വര്‍ണത്തിനാവട്ടെ 1,535 രൂപയാണ്‌ വില. അടുത്തകാലത്തൊന്നും സ്വര്‍ണവില താഴേക്ക് വരില്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ അമ്പരപ്പിലാണ് സാധാരണക്കാര്‍! രാജ്യത്തെ സ്വര്‍ണ വില ചരിത്രത്തിലാദ്യമായി പവന്‌ 12,000 രൂപ കവിഞ്ഞത് സാമ്പത്തിക വിദഗ്ധരെയും ഞെട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം അവസാനം വരെ സ്വര്‍ണവില ഒരു പവന് പതിനായിരം കടന്നിരുന്നില്ല. ഒരു പവന് പതിനായിരം രൂപയായത് വന്‍ വിലവര്‍ദ്ധനവായിട്ടാണ് സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടത്. പവന് പതിനായിരം രൂപയില്‍ നിന്ന് പതിമൂവായിരത്തിലേക്ക് കടക്കാന്‍ ഒരുവര്‍ഷം പോലും എടുത്തില്ല എന്ന കാര്യം ഗൌരവതരമായാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കാണുന്നത്.

വിവാഹസീസണ്‍ ആയതുകൊണ്ടോ ആളുകളുടെ ആഭരണഭ്രമം കൊണ്ടോ അല്ല സ്വര്‍ണത്തിന് ഇത്രയധികം വിലവര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം. പണമുള്ളവര്‍ ഇപ്പോള്‍ വിശ്വസിക്കുന്ന നിക്ഷേപസാധ്യതയാണ് സ്വര്‍ണം. റിയല്‍ എസ്റ്റേറ്റ്, ഓഹരി, ബോണ്ടുകള്‍ തുടങ്ങിയ പുതിയ ലോകത്തിന്റെ നിക്ഷേപസാധ്യതകള്‍ സാമ്പത്തികമാന്ദ്യം വന്ന് കൂപ്പുകുത്തിയതോടെയാണ് സ്വര്‍ണം ഒരു നിക്ഷേപകസാധ്യതയായത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ലോകത്തെല്ലായിടത്തും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നിക്ഷേപകരാണ് ലോകത്തില്‍ വച്ചേറ്റവും സ്വര്‍ണപ്രിയക്കാര്‍. അതുകൊണ്ടുതന്നെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാമത്തെ സ്ഥാനം ഇന്ത്യക്ക് തന്നെയാണ്.

സ്വര്‍ണവില കൂടിയതിന് ഇനിയുമുണ്ട് കാരണങ്ങള്‍. ഇന്ത്യയ്ക്ക്‌ 6700 കോടി ഡോളറിന്‌ 200 ടണ്‍ സ്വര്‍ണം വിറ്റതായി രാജ്യാന്തര നാണയനിധി (ഐഎംഎഫ്‌) വെളിപ്പെടുത്തിയതും ഇന്ത്യയില്‍ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായി. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയിലെ സ്വര്‍ണ വില കൂടാന്‍ കാരണമായി. രൂപയുടെ മൂല്യം താഴുമ്പോള്‍ ഇന്ത്യയിലേക്ക്‌ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്‌ വന്‍ ലാഭമാണ്‌.

സാധാരണമായി ഉത്സവങ്ങള്‍, വിവാഹസീസണ്‍ തുടങ്ങിയ അവസരങ്ങളില്‍ സ്വര്‍ണവില ഉയരുകയും മറ്റ് സമയങ്ങളില്‍ താഴുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈയടുത്ത വര്‍ഷങ്ങളില്‍ സ്വര്‍ണം ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. കയറിയ വില ഇറങ്ങുമെന്ന് കരുതി കാത്തിരിക്കുന്നവരെ ഇളിഭ്യരാക്കിക്കൊണ്ട് വീണ്ടും വീണ്ടും ഉയരങ്ങളെ എത്തിപ്പിടിക്കുകയാണ് സ്വര്‍ണം.

വിവഹത്തിനും മറ്റ് വിശേഷാവസരങ്ങള്‍ക്കും സ്വര്‍ണം വാങ്ങുന്നത് ഒഴിച്ചുകൂടാനാകാത്ത സാധാരണക്കാരാണ് സ്വര്‍ണവില വര്‍ദ്ധനവ് കാരണം വിഷമിക്കുന്നത്. വിവാഹത്തിന് പറഞ്ഞ അളവ് സ്വര്‍ണം നല്‍‌കാനാകാതെ വിവാഹം തന്നെ മുടങ്ങുന്ന അവസ്ഥയിലാണ് പല നിര്‍ധന കുടുംബങ്ങളും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിസംബറോടെ സ്വര്‍ണവില പവന്‌ 13,600 രൂപ വരെ ഉയരാനിടയുണ്ടെന്ന്‌ ബോംബെ ബുള്ളിയന്‍ അസോസിയേഷന്റെ വക്താവായ അശ്വിന്‍ ദേരാസരി പറയുന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

സ്വര്‍ണവിലയുടെ ഭാവിയെ പറ്റി വെബ്‌ദുനിയ ചില പ്രശസ്ത ആഭരണക്കടയുടമകളോട് ചോദിക്കുകയുണ്ടായി. കാലാവസ്ഥാ പ്രവചനം പോലെയാണ് സ്വര്‍ണവിലയുടെ ഭാവിയെ പറ്റി ആഭരണക്കടയുടമകളുടെ നിഗമനം.

“അടുത്തൊന്നും സ്വര്‍ണവില കുറയാനുള്ള സാധ്യത കാണുന്നില്ല. എങ്കിലും ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് വീണ്ടും വിശ്വാസം വരികയാണെങ്കില്‍ സ്വര്‍ണവിലയിടിയാം. ഓഹരിവിപണി വീണ്ടും തകരുകയോ രൂപയുടെ മൂല്യം കുറയുകയോ ചെയ്താല്‍ സ്വര്‍ണവില വീണ്ടും കൂടും. ഉത്സവങ്ങളും വിവാഹസീസണും കഴിഞ്ഞാലേ സ്വര്‍ണവിലയെ പറ്റി എന്തെങ്കിലും പറയാനാകൂ” - ആഭരണക്കടയുടമകള്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍