മെയിലെ രണ്ടാമത്തെ ഞായറാഴ്ച ലോക മാതൃദിനമായി ആചരിക്കുന്നു. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം.....
ഓമനത്തിങ്കള്‍ കിടാവോ നല്ല കോമള താമര പൂവോ......
എത്ര തിരക്കിനിടയിലും വാല്‍സല്യം നിറഞ്ഞ ഗൃഹാതുരത്വത്തിലേയ്ക്ക് നമ്മെ പിടിച്ചുകൊണ്ട് പോകുന്ന മാതൃഭാവം നിറഞ്ഞു തൂവുന്ന താരാട്ട്. അമ്മയുടെ സ്നേഹത്തിന്‍റെ ചിറകിനുള്ളിലേയ്ക്ക് ഒതുങ്ങുവാനുള്ള മോഹം നാമറിയാതെ ഉള്ളില്‍ നിറഞ്ഞ് തൂവുന്നു.
ബാല്യത്തില്‍ ഒക്കത്തെടുത്ത് മാമൂട്ടുന്ന അമ്മ. അമ്മയൊരു കഥപറയ് എന്ന് കുട്ടി കൊഞ്ചുന്നു. ഏത് കഥയാ അമ്മേടെ മുത്തിന് കേള്‍ക്കണ്ടെ. രാജകുമാരന്‍റേം രാജകുമാരീടേം കഥവേണോ, അപ്പൂപ്പന്‍റേം അമ്മൂമ്മേടേം കഥ വേണോ. വാല്‍സല്യത്തിന്‍റെ തേനൂറുന്ന സ്വരത്തില്‍ അമ്മ ചോദിക്കുന്നു. കവിളില്‍ മുത്തം തരുന്നു.
അമ്മിഞ്ഞപ്പാലിന്‍റെ സുഗന്ധമാണമ്മയ്ക്ക്. ഉറങ്ങുമ്പോള്‍ നമുക്ക് അമ്മയുടെ താരാട്ടുപാട്ടുവേണം. പിച്ച നടത്താന്‍, ആദ്യാക്ഷരം പറഞ്ഞുതരാന്‍, കുളിപ്പിച്ച് സ്കൂളിലയക്കാന്‍. അച്ഛനടിച്ചാല്‍ നാം ഓടുക അമ്മയുടെ അടുക്കലേയ്ക്കാണ്. അമ്മയടിക്കുമ്പോഴോ, അമ്മയോട് തന്നെ പറ്റിച്ചേരാനാണ് കൊതി.
അമ്മ പിണങ്ങിയോ എന്ന തേങ്ങലായിരിക്കും ഉള്ളില്‍. അസുഖം വരുമ്പോള്‍ തീ പുകയുന്നത് അമ്മയുടെ നെഞ്ചിലാണ്. ഉറക്കമില്ലാതെ അരികിലിരുന്ന് പനി കുറയുന്നുവോ എന്ന് ഇടയ്ക്കിടെ തൊട്ടു നോക്കി വേപുഥയോടെ പ്രാര്‍ത്ഥിക്കുന്ന നേര്‍ച്ചകള്‍ നേരുന്ന അമ്മ.
ജീവിതത്തില്‍ നമ്മെ വേദനപ്പിക്കുന്ന ഓരോ നിമിഷത്തിലും സ്വാന്തനമായി പിന്നില്‍ അമ്മയുണ്ട്. സാരമില്ല എന്ന് അമ്മയില്‍ നിന്ന് ഒരു വാക്ക്. ചിരിച്ചു കൊണ്ട് ഒരു ചേര്‍ത്തു പിടിയ്ക്കല്‍. ഒരു നിമിഷം കൊണ്ട് എല്ലാ ദുഖങ്ങളും നാം മറക്കുന്നു.
യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെടാനൊരുങ്ങുന്ന പുത്രന് അമ്മ നല്‍കുന്ന ഒരു നിറഞ്ഞ ചുംബനം ധൈര്യത്തിന്‍റെ ഒരു മഹാപ്രവാഹമായി അവനിലേയ്ക്കൊഴുകുന്നു. അത്തരം എത്ര ദൃശ്യങ്ങള്‍ ഇറാഖ് യുദ്ധവേളയില്‍ ക്യാമറ കണ്ണുകള്‍ നമ്മെ കാട്ടിത്തന്നു.
മക്കള്‍ക്കായി എല്ലാം നല്‍കുന്ന അമ്മമാരെ ഓര്‍മ്മിയ്ക്കാനും അവരുടെ ഇഷ്ടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനുമായി ആ ദിനം വീണ്ടും നമുക്ക് മുന്നില്‍. അമ്മമാരുടെ ദിവസം.
എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ലോകം അമ്മയുടെ ചിറകിനുള്ളില്‍ ഓര്‍മ്മകള്‍ക്കുള്ളില്‍ പറ്റിക്കൂടുന്നു. അമ്മയുടെ മാത്രം സ്വന്തമായി.
|