കല്യാണം കഴിക്കാന്‍ ഒരു കാരണമോ? അതെ, വിവാഹ ജീവിതം തുടങ്ങും മുമ്പ് വധു ‘ഈ വിവാഹം എന്തുകൊണ്ട്?’ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധ മതം. നിങ്ങള്‍ വിവാഹത്തിനു മുമ്പ് നിങ്ങളുടെ ഉത്തരം അവലോകനം ചെയ്യുന്നതും നന്നായിരിക്കും.
വധു സ്വയം ചോദിക്കേണ്ടത് എന്തിനാണ് ഇപ്പോള്‍ വിവാഹം ചെയ്യുന്നത് എന്നാണ്. ഏകാന്തത അവസാനിപ്പിക്കാനാണ് എന്ന് കൂളായി മറുപടി പറഞ്ഞ് ഒഴിയാനാണ് ശ്രമിക്കുന്നത് എങ്കില്‍ തെറ്റി- വിവാഹം ഏകാന്തത അവസാനിപ്പിക്കണമെന്നില്ല.
നിങ്ങള്‍ക്ക് പ്രായം അധികരിക്കുകയാണ്. അതിനാല്‍ ഈ അവസരം കളഞ്ഞാല്‍ പറ്റില്ല എന്നാണ് തോന്നുന്നത് എങ്കില്‍ ഇത് വിവാഹത്തിന് യോജിക്കുന്ന ഒരു കാരണമേയല്ല. അതുപോലെ തന്നെയാണ് ഇനിയാരും തന്നെ കെട്ടാന്‍ വരില്ല, ഇതിനങ്ങ് സമ്മതിച്ചേക്കാം എന്ന സാധാരണ പെണ്‍കുട്ടിയുടെ വിഹല്വതയും. ഇതൊന്നും ഒരു ശാശ്വത ബന്ധത്തിന് അടിത്തറയാവില്ല എന്നാണത്രേ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇത്രയും കാലം അയാള്‍ (അദ്ദേഹം) ഒറ്റയ്ക്ക് കഴിഞ്ഞതല്ലേ. ഇനി ഞാന്‍ ചെന്ന് എന്‍റെ കൈയ്യാല്‍ എല്ലാം ഒരുക്കി കൊടുത്തേക്കാം എന്ന് ചില ഭാവി ഭാര്യമാര്‍ ചിന്തിച്ചേക്കാം. എന്നാല്‍, ഇതെല്ലാം സങ്കല്‍പ്പത്തിന്‍റെ മായിക ലോകത്തെ കാഴ്ചകളായി മാറാന്‍ അധിക സമയം വേണ്ടത്രേ. വൃത്തിക്കാരനായ പരിപൂര്‍ണ്ണത ഇഷ്ടപ്പെടുന്ന (പെര്‍ഫക്ഷനിസ്റ്റ്) ഒരു ഭര്‍ത്താവിനെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എങ്കിലോ? സങ്കല്‍പ്പത്തിലെ ‘വയ്ക്കലും വിളമ്പലും’ ഒക്കെ ബാധ്യതയായി തീര്‍ന്ന സംഭവങ്ങളും ഉണ്ടെന്നാണ് ദാമ്പത്യത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരുടെ മുന്നറിയിപ്പ്.
നല്ല ഉത്തരങ്ങള്‍
വിവാഹം എന്തിന് എന്ന ചോദ്യത്തിന് ‘മറ്റൊരാള്‍ക്കൊപ്പം ജീവിതം പങ്ക് വയ്ക്കാന്‍’ എന്ന മറുപടിയാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ വിവാഹത്തെ കുറിച്ച് ഇതിനോടകം തന്നെ വസ്തുനിഷ്ഠമായി ചിന്തിച്ചു എന്ന് വെളിവാക്കുന്നു. നിങ്ങള്‍ക്ക് മുന്നോട്ട് പോവാം.
സ്നേഹവും അടുപ്പവും പങ്ക് വയ്ക്കാനും പങ്കാളിയില്‍ നിന്ന് പിന്തുണ ആഗ്രഹിക്കുന്നതും ഒക്കെ വിവാഹത്തിലേക്ക് കാല്‍വയ്ക്കാന്‍ അനുയോജ്യമായ കാരണങ്ങളാണ്. കൂടുതലായി, നല്ലൊരു ലൈംഗിക ജീവിതം ആശിക്കുന്നവര്‍ക്കും ഒപ്പം ‘നമുക്ക്’ കുട്ടികള്‍ ഉണ്ടാവണം എന്ന് ആശിക്കുന്നവരും വിവാഹത്തിന് ന്യായമായ കാരണങ്ങളാണത്രേ നിരത്തുന്നത്.
|