സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടം സാധാരണ 20നും മുപ്പതിനും ഇടയിലുള്ള പ്രായമാകും. ഭാര്യയാകുക, അമ്മയാകുക തുടങ്ങി പ്രാധാന്യമേറിയതും കൂടുതല്‍ ശ്രദ്ധ വേണ്ടതുമായ പ്രായം. അപ്പോള്‍ എപ്പോഴും കരുതലോടെ ഇരിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. സ്വയം ശ്രദ്ധ വച്ചാല്‍ തിരക്കിനിടയിലും പ്രായോഗികമാകുന്ന കാര്യങ്ങളാണ് ഇവയെല്ലാം.
നല്ല ആഹാരക്രമം
നല്ല ആരോഗ്യത്തിന് ഒന്നാമതായി വേണ്ടത് നല്ല ആരോഗ്യക്രമമാണ്. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തുക. മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും കൂടുതല്‍ പോഷകദായകങ്ങളാണ്. മാംസം, മത്സ്യം, മുട്ട എന്നിവ അമിതമാകാതെ ഉപയോഗിക്കുക.
ഫാസ്റ്റ്ഫുഡ് സംസ്കാരം
തിരക്കിട്ട നഗര ജീവിതം അകാലത്തില്‍ രോഗങ്ങള്‍ വരുത്തുന്നതിന് മുഖ്യ കാരണമാണ്. തിരക്കുകള്‍ക്കിടയില്‍ ഹോട്ടല്‍ ഭക്ഷണം, സായാഹ്നങ്ങളിലെ റസ്റ്റോറന്‍റ് ഭക്ഷണം, പാര്‍ട്ടികള്‍, ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം ഇതൊക്കെ അമിതമാകാതെ സൂക്ഷിക്കുക. കോഫി, ചായ, ചോക്ലേറ്റ്, പിസ, ബര്‍ഗര്‍ ഇവയൊക്കെ മിതമായി ഉപയോഗിക്കുക.
സൌന്ദര്യപ്രശ്നങ്ങള്‍
മെലിയണമെന്ന വാശിയില്‍ ഡയറ്റിങ്ങ് നോക്കുന്നതൊക്കെ നല്ലതു തന്നെ. അനീമിയ പിടികൂടാതെ സൂക്ഷിക്കണം എന്നു മാത്രം. കൊഴുപ്പുകുറച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തി ഡയറ്റിംഗ് ചെയ്തു നോക്കൂ. ഫലമുണ്ടാകും. ആരോഗ്യവും ഭദ്രം. ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്.
വ്യായാമം പ്രധാനം
ദിവസം അരമണിക്കൂറെങ്കിലും വ്യായാമം അത്യാവശ്യമാണ്. സൈക്ക്ലിംഗ്, നീന്തല്‍, ജോഗിംഗ് ഇവയൊക്കെ പരീക്ഷിക്കാം. മനസ്സാന്നിദ്ധ്യത്തിന് യോഗയോ ധ്യാനമോ ശീലിക്കുന്നത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും.
ഉറക്കം ആവശ്യത്തിന്
രാത്രി വൈകി ടെലിവിഷനും കമ്പ്യൂട്ടറിനും മുന്നില്‍ ഇരിക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ വൈകിയെത്തിയ ശേഷം എന്തെങ്കിലും കൊറിച്ചുകൊണ്ട് ഇവയ്ക്കു മുന്നില്‍ ഇരിക്കുന്നത് ശീലമാക്കരുത്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുക.
രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പകല്‍ നിര്‍ബന്ധമായും 8 മണിക്കൂര്‍ ഉറങ്ങിയിരിക്കണം. കിടക്കുമ്പോള്‍ കാപ്പി, ചായ എന്നിവ കഴിച്ചാല്‍ ഉറക്കം കുറയും. ചെറുചൂടുള്ള ഒരുഗ്ലാസ് പാല്‍ കുടിച്ചുകിടന്നാല്‍ നല്ല ഉറക്കം കിട്ടും.
|