യുപിഎ മന്ത്രിസഭയിലെ പ്രഖ്യാപിത ഫെമിനിസ്റ്റ് രേണുകാ ചൌധരി അടുത്തിടെ ശ്രദ്ധേയയാകുന്നത് നമ്മുടെ സദാചാരവാദികളെ അലോസരപ്പെടുത്തുന്ന ചില പ്രസ്താവനകളിലൂടെയാണ്. ‘കാമസൂത്ര’ എഴുതപ്പെട്ട രാജ്യത്ത് ലൈംഗികത ഇത്ര രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണോ എന്ന് ചോദിച്ചാല്‍ ശരാശരി സദാചാരവാദി എന്തുപറയും. ഉത്തരം നിഷേധാത്മകമായിരിക്കും എന്നുറപ്പ്.
രേണുക സ്ത്രീകളോട് ഭര്‍ത്താക്കന്മാരെപ്പോലും വിശ്വസിക്കരുത് എന്നു പറയുമ്പോള്‍ നമുക്കത് അലോസരമുണ്ടാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ എച്ച്‌ഐവി ബാധിതരായ സ്ത്രീകളില്‍ 80 ശതമാനവും പങ്കാളികളില്‍ നിന്ന് രോഗം പകര്‍ന്നവരാണ് എന്ന് കണക്കുകള്‍ വ്യക്തമാകുമ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും.
സ്ത്രീകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് സ്വയം ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാന്‍ പഠിക്കാനാണ് രേണുക പറയുന്നത്. വിശ്വാസത്തിന്‍റെ സമവക്യങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറിയ്ക്കോട്ടെ. എന്തായാലും സ്ത്രീകള്‍ ഇതേക്കുറിച്ച് ബോധവതികളായിരിക്കേണ്ടത് ആവശ്യമാണ്.
മാതാപിതാക്കള്‍, സ്മൂഹം, സദാചാരം, കുടുംബബന്ധങ്ങള്‍, പങ്കാളി, ഉത്തമദാമ്പത്യം...ഇവയൊക്കെയാണ് വഴിതെറ്റാന്‍ പ്രവണതയുള്ള കൌമാരത്തോട് സമൂഹം നിരന്തരം പ്രയോഗിക്കുന്ന ചില വാക്കുകള്‍. അബോര്‍ഷനുവേണ്ടി മാതാപിതാക്കള്‍ കൊണ്ടുവന്ന 16 കാരിയെ ഉപദേശിക്കുന്ന ഡോക്ടര്‍ക്ക് തിരിച്ചുകിട്ടുന്നത് ‘ഞങ്ങള്‍ക്കിഷ്ടമാണെങ്കില്‍ അതിലെന്താ തെറ്റ് ? ’ എന്ന ചോദ്യമാണെങ്കില്‍ പിന്നെ ഈ ഉപദേശങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്.
ഈ സാഹചര്യത്തിലാണ് ശ്രീമതി ചൌധരി ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നത്. എന്തിനാണ് സംസ്കാരമെന്നും സ്നേഹബന്ധങ്ങളെന്നും ഒക്കെ പറഞ്ഞ് ഇവരെ അലട്ടുന്നത്. അവര്‍ക്ക് ലൈഗികതയെ സംബന്ധിച്ച് നല്ല അറിവുകള്‍ നല്‍കൂ. അവര്‍ രോഗങ്ങളില്‍ നിന്നെങ്കിലും അകന്നുനില്‍ക്കട്ടെ എന്ന്. ഇതു കേട്ടപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞത് യാഥാര്‍ഥ്യം.
എന്നാല്‍ ലൈംഗികത സംബന്ധിച്ച് അപക്വമായ ഒട്ടേറെ അറിവുകള്‍ സൂക്ഷിക്കുന്ന കൌമാരത്തിന് നല്ല വിദ്യാഭ്യാസം ആവശ്യമാണ്. കൌമാരക്കാര്‍ തന്നെയാണ് വളരുന്നത്. ഭാര്യയും ഭര്‍ത്താവും അമ്മയും അച്ഛനുമൊക്കെയാകുന്നത്... അടുത്ത തലമുറയെ നേര്‍വഴി പറഞ്ഞുകൊടുത്ത് നടത്തുന്നത്..അപ്പോള്‍ അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ആവശ്യമല്ലേ. അനുദിനം ഉയരുന്ന എച്ച് ഐ വി ഭീഷണിക്ക് ഇതൊരു അത്യന്താപേക്ഷിതമായ കാര്യമല്ലേ?
സ്ഥിതി ഇതൊക്കെയാണെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ലൈംഗികവിദ്യാഭ്യാസം വിലക്കിക്കഴിഞ്ഞു. കര്‍ണ്ണാടകവും കേരളവും ഒരു നിരോധനത്തിന്‍റെ വക്കിലാണ്. ലൈംഗികവിദ്യാഭ്യാസം കുട്ടികളെ വഴിതെറ്റിക്കുമെന്നും പടിഞ്ഞാറന്‍ ശൈലികളിലേക്ക് അടുപ്പിക്കുമെന്നും ഒക്കെയാണ് വാദപ്രതിവാദങ്ങള്‍.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിവാഹപൂര്‍വ്വബന്ധങ്ങളുടെ കണക്ക് നോക്കി ഇവര്‍ നെടുവീര്‍പ്പിടുന്നു. എന്നാല്‍ ലൈംഗികത എന്താണ്, എന്താണ് ലൈംഗിക അതിക്രമങ്ങള്‍, അവയോട് എങ്ങനെ പ്രതികരിക്കണം, എങ്ങനെയാണ് ഗര്‍ഭം ധരിക്കുന്നത്, അത് എങ്ങനെ ഒഴിവാക്കാം, ലൈംഗികരോഗങ്ങള്‍ ഒഴിവാക്കുന്നത് എങ്ങനെ, ഇവയൊക്കെ ചിന്തിക്കേണ്ടതുണ്ട്.
ഗര്‍ഭപ്രശ്നവുമായെത്തിയ ഒരു പെണ്‍കുട്ടി ഡോക്ടറോട് ‘ പക്ഷെ ഡോക്ടര്‍..ഞാന്‍ കോണ്‍ഡം ഉപയോഗിച്ചിരുന്നു’ എന്നു പറഞ്ഞതായി ഒരു പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. വാരികകളും ഇന്‍റര്‍നെറ്റും ആവശ്യത്തിന് അറിവുകള്‍ നല്‍കുന്നു എന്ന് വാദിക്കുമ്പോള്‍ വാരികകളില്‍ വരുന്ന ലൈംഗിക സംശയങ്ങള്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നവയാണ്.
ഇന്‍റര്‍നെറ്റിനെക്കുറിച്ച് വാദിക്കുമ്പോള്‍ അത് ഗുണത്തെക്കാളേറെ ദോഷങ്ങളും കെട്ടിച്ചമയ്ക്കലുകളുമാണ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കൌതുകങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകാതിരിക്കാന്‍ കുട്ടികള്‍ക്ക് വേണ്ട അറിവുകള്‍ നല്‍കൂ. അവര്‍ വഞ്ചിതരാകാതിരിക്കട്ടെ.
|