തികച്ചും യാഥാസ്ഥിതികരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്‌കോട്ടിലെ തെരുവില്‍ അടുത്തിടെ ഞെട്ടിക്കുന്ന ഒരു പ്രതിഷേധപ്രകടനം അരങ്ങേറി. പൂജ ചൌഹാന്‍ എന്ന 22 വയസ്സുകാരി തന്‍റെ മേല്‍വസ്ത്രങ്ങളുരിഞ്ഞ് തെരുവിലൂടെ ഇറങ്ങി നടന്നു. പ്രതിഷേധിക്കാന്‍.
കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ഥിരമായി പീഡിപ്പിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നു എന്നായിരുന്നു പൂജയുടെ ആരോപണം. വസ്ത്രമുരിയും മുന്‍പ് വസ്ത്രമുടുത്ത് മാന്യയായി തന്നെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയ പൂജയെ ഓഫീസിനുള്ളില്‍ കടക്കാന്‍ പോലീസ് അനുവദിച്ചിരുന്നില്ല.
എന്തായാലും വസ്ത്രമുരിഞ്ഞുള്ള പ്രതിഷേധത്തിന് ഉടനടി ഫലമുണ്ടായി. പൂജയുടെ ഭര്‍ത്താവ് പ്രതാപ്‌സിംഗ് ചൌഹാനെയും ഭര്‍തൃമാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നീതി കിട്ടിയില്ലെങ്കില്‍ പരിപൂര്‍ണ്ണനഗ്നയായി പ്രതിഷേധിക്കുമെന്ന് പൂജ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോലീസ് ഇവിടെ വ്യത്യസ്തമായത് സഭ്യമല്ലാത്ത പെരുമാറ്റത്തിന് പൂജയുടെ പേരില്‍ നടപടി എടുക്കും എന്നു വെളിപ്പെടുത്തിയാണ്.
ഇതിനു മുന്‍പ് അവരുടെ മനോനില പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇത് പൂജയുടെ ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പിന്നീട് വ്യക്തമായി. പൂജ മദ്യത്തിന് അടിമയാനെന്നും വ്യഭിചാരമാണ് തൊഴിലെന്നും പത്രക്കുറിപ്പും ഇറക്കിയാണ് ഭര്‍ത്താവ് പ്രതാപ് ചൌഹാന്‍ സംതൃപ്തി നേടിയത്.
വ്യഭിചാരവൃത്തിക്കു പൂജയെ സഹായിക്കുന്ന ഏജന്‍റിന്‍റെ പേരും ഇയാള്‍ പരസ്യപ്പെടുത്തിയിരുന്നു. പൂജ മുന്‍പ് വിവാഹിതയായിരുന്നെന്നും മാധ്യമങ്ങളെ അറിയിച്ചു. എന്തായാലും ഈ വാര്‍ത്തയ്ക്ക് വലിയ പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ അധികമുണ്ടായിരുന്നില്ല. പൂജ മദ്യത്തിന് അടിമയാണെന്നും വഴിവിട്ട ജീവിതം നയിക്കുന്നവളും മനോനില തെറ്റിയവളുമാണെന്നും സ്ഥാപിക്കാനാണ് പ്രതാപ് ചൌഹാന്‍ ശ്രമിച്ചത്.
ഈ വിഷയത്തിലെന്നല്ല എല്ലാ സംഭവങ്ങളിലും എന്നതുപോലെ സ്ത്രീയുടെ സദാചാരവശം മാധ്യമങ്ങള്‍ക്കു മുന്നില്‍ അയാള്‍ വിവരിച്ചു. കുലീനയായ വീട്ടമ്മയായാലും വ്യഭിചാരിണിയായാലും സ്വന്തം മനസ്സും ശരീരവും മുറിപ്പെടാതെ നോക്കാന്‍ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് സമൂഹത്തിനു ബോധ്യപ്പെടേണ്ടതുണ്ട്. അവരുടെ സദാചാരം എന്തുതന്നെ ആയാലും.
സംഭവം നടന്നതിനു പിന്നാലെ താമസിച്ച വീട് ഒഴിഞ്ഞുകൊടുക്കാനും പൂജയോട് വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. നഗ്നപ്രതിഷേധത്തിലൂടെ ലഭിച്ച ‘നീതി’ എന്തിനെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
തനിക്കിനി നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്നും ഇനിയിവിടെ മറ്റൊരു പൂജ ഉണ്ടാവരുതെന്നും പറയുന്ന ഒരു സ്ത്രീയെ സമൂഹത്തിനു മുന്നില്‍ ‘അനാവരണം ചെയ്യപ്പെടുന്ന സ്വത്വം’ വലുതായി ബാധിക്കാനിടയില്ല.
അതുകൊണ്ടു തന്നെ അവരുടെ സദാചാരത്തെ അത്തരം അളവുകോല്‍ കൊണ്ട് അളക്കുന്നതില്‍ കാര്യമില്ല. മൈക്രോ മിഡിയ്ക്കും വൈഡ്നെക്ക് ഷോര്‍ട്ട് കുര്‍ത്തയ്ക്കും കാട്ടിത്തരാന്‍ കഴിയുന്ന അഴകളവുകള്‍ നമുക്കിവിടെ വ്യത്യസ്തമായി തോന്നുന്നത് അവരണിഞ്ഞിരിക്കുന്നത് അടിവസ്ത്രം തന്നെയാണെന്ന് ഉത്തമബോദ്ധ്യമുള്ളതു കൊണ്ടാണ്.
|