പ്രധാന താള്‍  മറ്റുള്ളവ  സ്ത്രീ  വ്യക്തിത്വ വികസനം
 
വിവാഹം ഭൂമിയില്‍ നടക്കുന്നു!

വിവാഹമെന്നു കേള്‍ക്കുമ്പോഴേ മനസിലേക്കോടിയെത്തുക വാദ്യാഘോഷ അകമ്പടിയോടെയുള്ള താലികെട്ടാണ്. ഏറെക്കുറെ എല്ലാ ജാതിമതസ്ഥരുടെയും വിവാഹത്തിലെ പ്രധാന ചടങ്ങും ഇതുതന്നെ. വിവാഹാനുബന്ധ ചടങ്ങുകള്‍ ഏറെയുണ്ടെങ്കിലും ജാതി-മത വ്യത്യാസമനുസരിച്ച് അവയില്‍ വ്യത്യാസം കാണാം.

ഒരായ്ഷുകാല ബന്ധത്തിന്‍റെ മംഗളകരമായ നാന്ദിയാണ് വിവാഹം. മതവിശ്വാസം ചുരുക്കമായവര്‍ പോലും വിവാഹചടങ്ങുകള്‍ ശ്രദ്ധയോടെ ക്രമം തെറ്റാതെ ആചരിക്കുന്നതും ഇതുകൊണ്ടാവാം. കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കേരളത്തില്‍ വിവാഹം പവിത്രമായ മംഗളകര്‍മ്മമാണ്. ഈശ്വരസാന്നിദ്ധ്യം മുന്‍നിര്‍ത്തി വിശുദ്ധിയോടെ നടത്തുന്ന ചടങ്ങുകള്‍ വിവാഹത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വിവാഹബന്ധത്തിന്‍റെ സുസ്ഥിരതയ്ക്കായി വിഭാവന ചെയ്തവയാണു വിവാഹചടങ്ങുകള്‍. ആജീവനാന്തം മംഗള ഐശ്വര്യങ്ങള്‍ നിലനില്‍ക്കുന്നതിനാണ് ഇവയിലേറെയും.
പെണ്ണുകാണലും ജാതകം നോക്കലുമൊക്കെ കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് മുഹൂര്‍ത്തം നോക്കലാണ് (കുറിക്കലാണ്). ഹിന്ദുമതവിശ്വാസമനുസരിച്ച് വിവാഹമുഹൂര്‍ത്തം സുപ്രധാനമാണ്.

ശുഭഗ്രഹമായ വ്യാഴത്തിന്‍റെ സ്ഥാനം നോക്കിയാണ് ജ്യോതിഷികള്‍ മുഹൂര്‍ത്ത സമയം കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നാമധേയത്തിലുളള വ്യാഴം സര്‍വ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തവും ശുഭകര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ്. ഗ്രഹാധിപനായ സൂര്യന്‍റെ രശ്മികള്‍ ലംബമായി ഭൂമിയില്‍ പതിക്കുന്ന ഈ മുഹൂര്‍ത്തം വിവാഹത്തിന് ഏറെ അനുയോജ്യമാണ്. മധ്യാഹ്നത്തിലെ 2 നാഴികയാണ് (48 മിനിറ്റ്) അഭിജിത്ത് മുഹൂര്‍ത്തമായി കണക്കാക്കുന്നത്. ശുഭമുഹൂര്‍ത്തത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് ഐശ്വര്യം ഏറുമെന്നാണ് വിശ്വാസം.

വിവാഹദിനവും മുഹൂര്‍ത്തവുമെല്ലാം നിശ്ഛയിച്ച് മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായാല്‍ വിവാഹപ്പ ന്തല്‍ ഒരുക്കുകയായി. തോരണങ്ങളും പുഷങ്ങളും വര്‍ണ്ണക്കടലാസുമെല്ലാം അലങ്കാരത്തിനായി ഉപയോഗിക്കുന്നു. അലങ്കാരങ്ങളുടെ വര്‍ണ്ണശബളിമ ഐശ്വര്യദേവതയായ ലക്സ്മിയുടെ പ്രീതിക്കായാണ് ഒരുക്കുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ച് വിവാഹകര്‍മ്മത്തിന്‍റ അധിപന്‍ ലക്സ്മി നാരായണനാണ്. ലക്സ്മിയുള്ളിടത്തേ നാരായണനുമുള്ളൂ. അതിനാലാണ് ലക്സ്മി പ്രീതിക്കായി അലങ്കാരങ്ങളും ചമയങ്ങളും ഒരുക്കുന്നത്. ഐശ്വര്യദേവതയായ ലക്സ്മിയെ പ്രീതിപ്പെടുത്തിയാല്‍ അതിലൂടെ നാരായണനും സംപ്രീതനാകുമെന്നും സര്‍വ്വമംഗളങ്ങളും പ്രദാനം ചെയ്യുമെന്നുമാണ് വിശ്വസം.

നിറപറയും നിറകുടവും തെങ്ങിന്‍ പൂക്കുലയുമെല്ലാം സമ്പല്‍സമൃദ്ധിയുടെ ചിഹ്നങ്ങളാണ്. ഏഴു തിരിയിട്ട നിലവിളക്ക് ഐശ്വര്യത്തിന്‍റെ, അഗ്നിസാക്ഷിയുടെ പ്രതീകമാണ്. സര്‍വ്വകര്‍മ്മങ്ങളും അവിഘം നടക്കുന്നതിനായി ഗണപതിപൂജയും വിവാഹചടങ്ങിന്‍റെ ഭാഗമായി നടത്തുന്നു.

തുമ്പിലയില്‍ വിഘ്നേശ്വരന്‍റെ പ്രതീകമായ ഒരുരുള ചാണകത്തില്‍ തുളസികതിര്‍ വച്ച് പൂവും പഴവും മലരും നേദിച്ചാണ് പൂജ നടത്തുന്നത്. വിവാഹത്തിലെ ആദ്യ ചടങ്ങും ഇതുതന്നെ.

അഗ്നിസാക്ഷിയായി വിവാഹം നടത്തണമെന്നാണ് ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. വേദകാലഘട്ടം മുതല്‍ തന്നെ ഈ നിഷ്കര്‍ഷ പുലര്‍ത്തിപ്പോരുന്നു. അഗ്നിസാക്ഷിയായി നടത്തുന്ന വിവാഹത്തിന് വിശുദ്ധിയേറുമെന്ന സങ്കല്പമാണ് ഇതിനാധാരം. സര്‍വ്വവിധ ദോഷഫലങ്ങളും അഗ്നിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും ജീവിതത്തിലുടനീളം ഈ വിശുദ്ധി നിലനില്‍ക്കുമെന്നുമാണ് വിശ്വാസം. അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ബന്ധത്തിന് ശുദ്ധത ഏറുമെന്നാണ് മറ്റൊരു സങ്കല്പം.

വിവാഹകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ക്കുവരെ ശാസ്ത്രം കൃത്യമായ നിര്‍വ്വചനം നല്‍കിയിട്ടുണ്ട്. പൂജാപാത്രങ്ങള്‍ ചെമ്പ്, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങള്‍ കൊണ്ടുമാത്രമേ നിര്‍മ്മിക്കാവൂ. സ്വര്‍ണ്ണ വര്‍ണ്ണമുള്ളതും താരതമ്യേനെ വിലകുറഞ്ഞതുമായ ചെമ്പ് പാത്രങ്ങളാണ് ഇന്ന് സാര്‍വ്വത്രികമായി വിവാഹാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. സ്വര്‍ണ്ണവര്‍ണ്ണം ശുഭപ്രദമെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

ഗുരുകാരണവന്‍മാരുടെ അനുഗ്രഹം വാങ്ങല്‍ വിവാഹചടങ്ങുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ആജീവാനന്ത ബന്ധത്തിന്‍റെ സുസ്ഥിരതയ്ക്കും കെട്ടുറപ്പിനും ഐശ്വര്യസമൃദ്ധിക്കുമായാണ് ഈ ചടങ്ങ് അനുഷ്ഠിക്കുന്നത്. കൂപ്പുകൈകളും വിനയാന്വിതമായ മനസുമായി ബന്ധുജനങ്ങളുടേയും ഗുരുകാരണവന്‍മാരുടെയും പാദം തൊട്ട് വന്ദിക്കുമ്പോള്‍ അവര്‍ നല്‍കുന്ന ആശിര്‍വാദവും അനുഗ്രഹവും ദാമ്പത്യ ജീവിതം ഐശ്വര്യസമൃദ്ധമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
1| 2