ആകര്‍ഷണീയതയുടെ അനുപാതം അറിയണോ?

WEBDUNIA|
IFM
സൌന്ദര്യത്തിന്റെ അഴകളവുകളെ കുറിച്ച് നമുക്കെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിയാമായിരിക്കും. ഇത്തരം അഴകളവുകളും ബുദ്ധികൂര്‍മ്മതയും ഒത്തിണങ്ങിയാല്‍ ഒരു ലോക സുന്ദരിപ്പട്ടം പോലും കൈയ്യകലത്തിലാവുമെന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍, ശരീര വടിവുകളെ മാറ്റിനിര്‍ത്തി മറ്റൊരു സൌന്ദര്യ രഹസ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

സ്ത്രീകളുടെ കണ്ണുകള്‍ തമ്മിലുള്ള അകലവും കണ്ണുകളും വായയും തമ്മിലുള്ള അകലവും അവരുടെ ആകര്‍ഷണീയത നിര്‍ണയിക്കുന്നു എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കണ്ണുകളും വായയും തമ്മിലുള്ള അകലം മുഖത്തിന്റെ നീളത്തിന്റെ 36 ശതമാനത്തോളം ഉള്ള സ്ത്രീയോട് മറ്റുള്ളവര്‍ക്ക് ഏറെ ആകര്‍ഷണീയത തോന്നുമത്രേ. ഇതോടൊപ്പം, കണ്ണുകള്‍ തമ്മിലുള്ള അകലം മുഖത്തിന്റെ വീതിയുടെ 46 ശതമാനത്തോളം ആയിരിക്കണമെന്നും ആകര്‍ഷണത്തിന്റെ ‘സുവര്‍ണ അനുപാതം’ കണ്ടെത്തിയ ഗവേഷകര്‍ പറയുന്നു.

പഠനത്തിന്റെ ഭാഗമായി മുഖ സാദൃശ്യമുള്ള സ്ത്രീകളുടെ ആകര്‍ഷണീയത വിലയിരുത്താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. പഠനത്തില്‍, മുഖത്തിന്റെ വലുപ്പവും കണ്ണുകള്‍ തമ്മിലുള്ള അകലവും കണ്ണുകളും വായയും തമ്മിലുള്ള അകലവും ആകര്‍ഷണീയതയുടെ പ്രധാന കാരണമാണെന്ന് സമര്‍ത്ഥിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

എന്നാല്‍, ഈ ‘സുവര്‍ണ അനുപാതം’ പുതിയ കണ്ടെത്തലാണെന്ന് പറയാന്‍ കഴിയില്ല എന്നും ഗവേഷക സംഘം അഭിപ്രായപ്പെടുന്നുണ്ട്. ഗ്രീക്കുകാര്‍ ‘ഫി’ എന്ന പേരിലാണത്രേ ഈ അനുപാതത്തെ വിളിച്ചിരുന്നത്. ഗ്രീക്ക് സമൂഹത്തിന്റെ കലാസൃഷ്ടികളില്‍ ‘ഫി’ യുടെ സ്വാധീനമുണ്ടെന്നും ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മൊണോലിസയില്‍ ഈ അനുപാതം ഉപയോഗിച്ചിട്ടുണ്ട് എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :