ഡ്രസ്സും അതിനൊത്ത ആക്‌സസ്സറികളും അണിഞ്ഞ് നടക്കുന്ന സുന്ദരിമാരുടെ സ്റ്റൈലിഷ് ലുക്കിന്‍റെ പൂര്‍ണ്ണതയ്‌ക്ക് വേണ്ടതെന്താണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അത് മറ്റാരുമല്ല “ബാഗാണ്“. ബാഗ് എന്നുപറയുമ്പോള്‍ പഴഞ്ചന്‍ സങ്കല്‍പ്പങ്ങളല്ല ഇന്ന് യൂത്തിനിടയിലുള്ളത്. ഏത് ഡ്രസ്സിനും അനുയോജ്യമാകുന്ന വിധത്തില്‍ ബാഗുകളും തങ്ങളുടെ കളക്ഷനില്‍ ഇന്ന് സുന്ദരിമാര്‍ ശേഖരിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ കാലാവസ്ഥ മാറ്റത്തിനനുസരിച്ചുവരെ പുത്തന്‍ ബാഗുകളിറങ്ങുന്നു. സ്പ്രിംഗ് കളക്ഷനുകള്‍, വിന്‍റര്‍ ബാഗുകള്‍ എന്നിവയൊക്കെ അതിലെ റോക്കിംഗ് സ്റ്റൈലുകളാണ്. അതൊക്കെ അവിടെ നില്‍ക്കട്ടെ. നമ്മുടെ ചുറ്റുവട്ടത്ത് ലഭിക്കുന്ന മിതമായ ഷോപ്പിംഗ് സൌകര്യത്തില്‍ നിന്നുപോലും മനസ്സുവച്ചാല്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ബാഗുകള്‍ വാങ്ങാം. ഏത് തരം വാങ്ങിയാലും അത് ഡ്രസ്സിന് അനുയോജ്യമാകുംവിധം ഉപയോഗിക്കുന്നതിനാലാണ് മിടുക്ക്.
യൂത്തിനിടയിലെ എറ്റവും പുതിയ ട്രെന്‍ഡ് ലെതറിലുള്ള വലിയ ബാഗുകളാണ്. വലുത് എന്നുപറയുമ്പോള്‍ എത്രത്തോളം വലുതാകുന്നോ അത്രത്തോളം ട്രെന്‍ഡിയാകും എന്നതാണ് ഇപ്പോഴത്തെ വിശ്വാസപ്രമാണം. ഇതില്‍ തന്നെ ബ്ലാക്ക് ആന്‍റ് വൈറ്റ്, ഇളം പിങ്ക്, ചുവപ്പ്, വെള്ള എന്നിവരൊക്കെയാണ് താരങ്ങള്‍. ജീന്‍സിനും ട്യൂണിക്കിനുമൊപ്പമാണ് ഇവ അണിയുന്നതെങ്കില്‍ കിട്ടുന്ന സ്റ്റൈല്‍ ലുക്ക് പറയുകയേ വേണ്ട! കോളേജ് സുന്ദരിമാര്‍ക്കും വര്‍ക്കിംഗ് സുന്ദരിമാര്‍ക്കുമൊക്കെ ഇത് ഏറെ പ്രിയപ്പെട്ടതാണ്. ലെതറിലല്ലാതെയും ഇവ ലഭ്യമാകുമെന്നതിനാല്‍ കാശിന്‍റെ കാര്യമോര്‍ത്ത് ഇവ വാങ്ങാന്‍ മടിക്കേണ്ട.
എന്നാല്‍ വിവാഹം, പാര്‍ട്ടികള്‍ എന്നീ അവസരങ്ങളിലും സാരിയ്ക്കൊപ്പവും ചെറു ഹാന്‍ഡ് ബാഗുകളാണ് സ്റ്റൈല്‍. അല്‍പ്പം അലങ്കാരങ്ങളുള്ളതും വിവിധ രൂപങ്ങളിലുമുള്ളവ ഈ അവസരങ്ങളില്‍ നിങ്ങളുടെ സ്റ്റൈല്‍ ലുക്ക് വര്‍ദ്ധിപ്പിക്കും. ലെതര്‍ അല്‍പ്പം വിലകൂടുതലാണെങ്കിലും ഇതിന് ആഢ്യത്വം കൂടും എന്നതില്‍ തെല്ലും സംശയം വേണ്ട. എങ്കിലും പോക്കറ്റ് മണി ലാഭിക്കുന്നതിന് ജൂട്ട് ബാഗുകളും തുണി ബാഗുകളും വാങ്ങാം.
അല്‍പ്പം ക്രിയാത്മകതയൊക്കെയുള്ളവര്‍ക്ക് വിവിധ തരം നിറത്തിലുള്ള തുണി വാങ്ങി മുത്തുകളും അല്‍പ്പം അലങ്കാരവസ്തുക്കളും ഒക്കെയുപയോഗിച്ച് ഇഷ്‌ടമുള്ള വലുപ്പത്തില്‍ ബാഗ് തുന്നാവുന്നതാണ്. മിക്കവാറും എല്ലാ വര്‍ണ്ണങ്ങളിലും ബാഗുകള്‍ ലഭ്യമാണെന്നതാണ് ഇപ്പോഴത്തെ സവിശേഷത. അതിനാല്‍ തന്നെ ഇനി ബാഗും “മാച്ചിംഗ് മാച്ചിംഗ്“!