മം‌മ്ത വിവാഹമോചിതയാകുന്നു!

WEBDUNIA|
PRO
മം‌മ്ത മോഹന്‍‌ദാസ് വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് പ്രജിത് പത്മനാഭനുമായി വേര്‍‌പിരിയുകയാണെന്ന് മം‌മ്ത തന്നെയാണ് അറിയിച്ചിരിക്കുന്നത്. 2011 നവംബര്‍ 11ന് (11.11.11) ആണ് മം‌മ്തയും പ്രജിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2012 ഡിസംബര്‍ 12ന് (12.12.12)ന് വിവാഹമോചനം പ്രഖ്യാപിച്ചു എന്നതാണ് ഏറ്റവും കൌതുകകരമായ വസ്തുത.

ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പരസ്പരധാരണയോടെ പ്രജിത്തുമായി പിരിയുകയാണെന്നാണ് മം‌മ്ത അറിയിച്ചിരിക്കുന്നത്. “പ്രജിത്തും ഞാനും വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. അതിന്‍റെ നിയമപരമായ കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കും” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മം‌മ്ത വ്യക്തമാക്കി.

“ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളാണ് എന്നത് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. ഒരുമിച്ചുള്ള യാത്ര ഏറെക്കാലം തുടരാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അതുകൊണ്ടുതന്നെ പിരിയാന്‍ തീരുമാനിക്കുകയാണ്. കുറച്ചുമാസമായി ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. 2013 ജനുവരിയില്‍ ഇതിന്‍റെ നിയമപരമായ നടപടികള്‍ ആരംഭിക്കും” - മം‌മ്ത വെളിപ്പെടുത്തി.

“ദാമ്പത്യജീവിതത്തില്‍ സ്നേഹം മാത്രമല്ല, പരസ്പര ബഹുമാനത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. അതൊരിക്കലും ഏകപക്ഷീയമാകരുത്. ബഹുമാനമില്ലെങ്കില്‍ അത് അപകടകരമാണ്. പ്രശ്നങ്ങള്‍ മറ്റാരുമറിയാതെ പരിഹരിക്കാന്‍ ശ്രമിച്ചു. ഒരു സെലിബ്രിറ്റിയെ സംബന്ധിച്ച് അത് ദുഷ്കരമാണെങ്കിലും. എന്നാല്‍ പരിഹരിക്കാനാവാത്ത അകലമാണ് എന്ന് തിരിച്ചറിഞ്ഞതോടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലിയിലെങ്കിലും സന്തോഷവതിയായിരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതും എന്നെത്തേടിയെത്തുന്നതുമായ സിനിമകള്‍ മികച്ചതാണ്” - മം‌മ്ത അറിയിച്ചു.

“പെട്ടെന്നുണ്ടായ തീരുമാനത്തിന്‍റെ പുറത്ത് വിവാഹിതരായത് തെറ്റായിപ്പോയി. എന്‍റെ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. ഞാനും പ്രജിത്തും തമ്മിലുള്ള വിവാഹബന്ധം ഒരു പരാജയമായതിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. ഞങ്ങള്‍ പിരിയുന്നത് എന്‍റെ കുടുംബാംഗങ്ങള്‍ക്കും മറ്റും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്നെനിക്കറിയാം. എന്നാല്‍ അവര്‍ എന്‍റെ നിലപാടില്‍ വിശ്വാസമുള്ളവരാണ്” - മം‌മ്ത വ്യക്തമാക്കി.

ദിലീപിന്‍റെ നായികയായി മം‌മ്ത അഭിനയിച്ച ‘മൈ ബോസ്’ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. മൈ ബോസിന്‍റെ വിജയത്തോടെ കൊമേഴ്സ്യല്‍ സിനിമകളുടെ ലോകത്ത് മം‌മ്തയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പം ‘സെല്ലുലോയ്ഡ്’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് മം‌മ്ത ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :