സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപ്രകാരം കുറ്റമാണെന്നിരിക്കെ മണിക്കൂറില്‍ ഒരു സ്ത്രീയെങ്കിലും സ്ത്രീധന പീഡന മരണത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൊള്ളലേറ്റുള്ള മരണങ്ങളാണ് ഇതില്‍ കൂടുതലും. ഞെട്ടിക്കുന്ന തരത്തിലുള്ള വര്‍ദ്ധനവാണ് സ്ത്രീധന പീഡന മരണനിരക്കില്‍ കാണാനാകുന്നത്. 2000-ല്‍ ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്ത കേസുകള്‍ 6995 ആയിരുന്നു. 2010 ആയപ്പോഴേക്കും ഈ നിരക്ക് 8391-ലെത്തി.
1961-ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെങ്കിലും അത് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒട്ടുംതന്നെ പ്രയോജനകരമായില്ല എന്നതാണ് വാസ്‌തവം. കാലങ്ങളായി അധികൃതരും ഈയൊരുകാര്യത്തില്‍ ഒട്ടും തന്നെ ശുഷ്‌ക്കാന്തി കാണിക്കുന്നില്ല. തല്‍ഫലമായി വര്‍ഷം തോറും സ്ത്രീധന പീഡന നിരക്കും കുത്തനെ ഉയരുകയാണ്.
സ്ത്രീധന പീഡന നിയമത്തിന്റെ അപര്യാപ്തത മാനിച്ച് 1986-ല്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഭേദഗതി വരുത്തി വകുപ്പ് 305 ബി ഉള്‍പ്പെടുത്തി. പക്ഷേ തുടര്‍ന്നും പതിവ് അനാസ്ഥ തന്നെ ഈക്കാര്യത്തില്‍ തുടര്‍ന്നുവരികയാണ്.
സാമൂഹ്യസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സ്ത്രീധനമെന്ന വ്യാധിയും പടര്‍ന്നുപിടിക്കുകയാണെന്നതിനെ ശരിവയ്ക്കുന്നതാണ് മരണനിരക്കിലെ വര്‍ധന. ഇങ്ങനെ മരണത്തിന് കീഴടങ്ങുന്നവരേക്കാള്‍ എത്രയോ ഇരട്ടിയാണ് നിശബ്ദമായ പീഡനത്തിനിരയാകുന്നവരുടെ എണ്ണം.