സിനിമയെ പ്രണയിച്ച പെണ്‍‌മണികള്‍

മൃദുല കണ്ണന്‍

ഹരിപാല|
PRO
പൊതുവേദികളിലെ ആഘോഷാരവങ്ങളില്‍ നിന്നൊഴിഞ്ഞ് ഒരു ഇരുട്ടുമുറിയില്‍ കാഴ്ചയുടെ ഉത്സവം ഒരുക്കി നല്‍കാന്‍ സിനിമയുടെ ഭാഷയ്ക്ക് മാത്രമേ കഴിയൂ. പ്രതിഭാശേഷിയുടെ ചരിത്രം രചിച്ച എത്രയെത്ര ചിത്രങ്ങളാണ് നമ്മള്‍ ക്ണ്ടുതീര്‍ത്തത്. ഓരോ സിനിമയെയും നാം നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകരെയും ചരിത്രത്തിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്.

എണ്‍പതുകളിലായിരുന്നു ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പെണ്‍‌മുദ്ര പതിഞ്ഞത്. പിന്നെ, അപര്‍ണ സെന്‍, മീര നായര്‍, ദീപ മേത്ത, തുടങ്ങിയവര്‍ സിനിമയില്‍ തങ്ങളുടേതായ ഓരോ ഇടങ്ങള്‍ തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയെ തഴുകിയെത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം വനിതാ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സജീവമായിത്തുടങ്ങുകയായിരുന്നു. ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍, എന്നിവയാല്‍ സമ്പന്നമായ ഇന്ത്യന്‍ സിനിമയുടെ നന്മയിലേക്ക് കടന്നു വന്ന പെണ്‍ മുഖങ്ങള്‍ അനവധിയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ വഴികളിലൂടെ പുതിയ നാഴികക്കല്ലുകള്‍ താണ്ടാന്‍ പുറപ്പെട്ട ചില നവാഗതരെ വനിതാ ദിനത്തില്‍ ഓര്‍ത്തെടുക്കാം.

ദീപ ഭാട്ടിയ

ഗോവിന്ദ് നിഹലാനി, ജനു ബറുവ എന്നീ പ്രശസ്തരുടെ ശിഷ്യയായാണ് മുംബൈക്കാരിയായ സിനിമയിലേക്ക് ചുവടുവച്ചത്. കാര്‍ഷിക മരണങ്ങളുടെ മറ്റൊരു മുഖം തുറന്നുകാട്ടിയ ‘നീറോസ് ഗസ്റ്റ്‌സ്‘ ആണ് ഇവര്‍ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യം ഡോക്യുമെന്ററി. പത്രപ്രവര്‍ത്തനത്തിന്റെ മാനുഷിക മുഖം നല്‍കിയ പി സായ്‌നാഥിനൊപ്പം സഞ്ചരിച്ച് നമ്മളും ഈ ഡോക്യുമെന്ററിയിലൂടെ ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ വീടുകളില്‍ എത്തിപ്പെടുന്നു. രാജ്യം നേരിടുന്ന ഒരു ഭീകര പ്രതിസന്ധിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തുറന്നു കാട്ടിയതിലൂടെ നിരവധി പുരസ്കരങ്ങളും ദീപ ഭാട്ടിയ വാരിക്കൂട്ടുകയായിരുന്നു.

റോക്ക് ഓണ്‍, താരേ സമീന്‍ പര്‍, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ സിനിമകളുടെ ചിത്രസംയോജനം നിര്‍വഹിച്ച് അവര്‍ എഡിറ്റിംഗ് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ചു.

രാജശ്രീ ഓജ

ഡല്‍ഹിയിലെ ഉന്നതവര്‍ഗത്തിന്റെ ജീവിതം ജെയിന്‍ ഓസ്‌റ്റിന്റെ ‘എമ്മ‘ എന്ന നോവലുമായി സന്നിവേശിപ്പിച്ചപ്പോഴാണ് ‘ഐഷ‘ എന്ന പിറവി കൊണ്ടത്. എന്ന സംവിധായികയെ ലോകമറിഞ്ഞത് ഐഷയുടെ വ്യത്യസ്തത കൊണ്ടുതന്നെ.

ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അടങ്ങാത്ത പ്രണയം നിമിത്തം ഡോക്യുമെന്ററിയുടെ വഴിയിലൂടെയാണ് ഓജയിപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്രസമരവും അടിയന്തരാവസ്ഥയും പ്രമേയമാക്കിയുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് അവരിപ്പോള്‍.

നര്‍മത റാവു

തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിങ്ങനെ മൂന്നു തവണയായാണ് ഒരു സിനിമ നിര്‍മിക്കപ്പെടുന്നത് എന്ന് എഡിറ്റര്‍ നര്‍മത റാവു പറയുന്നു. തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് ഒരുക്കിയെടുത്ത ഒരു സിനിമ പ്രേക്ഷകരെ പൂര്‍ണമായും പറഞ്ഞു മനസ്സിലാക്കിക്കേണ്ട ചുമതല ചിത്രസംയോജകരുടേതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ലവ് സെക്സ് ഔര്‍ ധോക്ക, ബന്ദ് ഭാജാ ഭാരത്, ഇഷ്കിയാ, ഒയേ ലക്കി!ലക്കി ഒയേ! എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ചത് നര്‍മതയാണ്. സിനിമയുടെ താളമാണ് എഡിറ്റിംഗ് എന്ന് നര്‍മതയുടെ വാദം അവര്‍ ഒരുക്കിയ ഓരോ ചിത്രങ്ങളും സാക്ഷയപ്പെടുത്തുന്നു.

ഐ ടിയില്‍ ബിരുദം നേടിയതിന് ശേഷം സിനിമയിലേക്ക് തിരിഞ്ഞ ഇവര്‍ നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. യാഷ് രാജിന്റേയും ദിബാകര്‍ ബാനര്‍ജിയുടേയുംപുതിയ പ്രൊജക്ടുകളിലാണ് അവരിപ്പോള്‍.

അഞ്‌ജലി ശുക്ല

മൂന്ന് സ്ത്രീകളെ ചുറ്റുപ്പറ്റി വികസിക്കുന്ന ചിത്രത്തിന്റെ ക്യാമറയ്ക്കും സ്ത്രൈണതയുടെ പരിപ്രേക്ഷ്യം നല്‍കണമെന്ന ചിന്തയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനെ അഞ്ജലി ശുക്ല എന്ന ക്യാമറ വുമണിലേക്കിത്തിച്ചത്. ഷാജിയ്ക്ക് തെറ്റിയില്ല, പെണ്‍‌മനസിന്റെ വികാരഭാവങ്ങളും മാറിവരുന്ന ഋതുക്കളുടെ ഭംഗിയുമെല്ലാം ‘കുട്ടിസ്രാങ്ക്‘ എന്ന ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നാം ആവോളം ആസ്വദിച്ചറിഞ്ഞു. സ്വതന്ത്രമായി ക്യാമറ ചെയ്ത് ആദ്യ ചിത്രത്തിന് തന്നെ അഞലി ശുക്ല ദേശീയ പുരസ്കാരവും നേടിയെടുത്തു. മലയാള സിനിമയിലെ ആദ്യത്തെ ക്യാമറ വുമണ്‍ എന്ന ഖ്യാതി നേടി അഞ്ജലി ചരിത്രം കുറിച്ചു.

സന്തോഷ് ശിവന്‍ ഒരുക്കുന്ന ഉറുമിയുടെ ക്യാമറയ്ക്ക് പിന്നിലും അഞ്ജലിയുടെ സാന്നിദ്ധമുണ്ട്

അഞ്ജലി മേനോന്‍

‘മഞ്ചാടിക്കുരു‘ എന്ന ചിത്രം പകര്‍ന്നു തന്ന ഗൃഹാതുരത്വത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അഞ്ജലി മേനോന്‍ എന്ന സംവിധായികയും മനസ്സിലേക്ക് ഓടിയെത്തും. ആദ്യ ചിത്രത്തിലുടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട അവര്‍ ഒരു മലയാളിയാണ് എന്നതില്‍ നമുക്കും അഭിമാനിക്കാം. മറുനാടന്‍ മലയാളിയുടെ ഓര്‍മ്മയിലൂടെ കടന്നുപോകുന്ന ‘മഞ്ചാടിക്കുരു‘ ഒരര്‍ത്ഥത്തില്‍ അഞ്ജലിയുടെ ഓര്‍മ്മകള്‍ തന്നെയായിരുന്നു.

ഈ സംവിധായികയുടെ മികവ് നാം പിന്നെയും കണ്ടു. ‘കേരള കഫേ‘യുടെ നിര്‍ണായക കണ്ണിയായി നിലകൊണ്ട ‘ഹാപ്പി ജേണി‘യിലെ പെണ്‍കരുത്തായിരുന്നു ഇത്.

സംഗീത പത്മനാഭന്‍

സത്യജിത്ത് റായിയുടെ വിശ്വപ്രസിദ്ധ ചിത്രമായ 'ചാരുലത'യ്ക്ക് മലയാളത്തില്‍ ഒരു അനുബന്ധം ഒരുക്കാന്‍ മിടുക്ക് കാട്ടിയ മലയാളി സംവിധായികയാണ് സംഗീത പത്മനാഭന്‍. അന്താരാഷ്‌ട്ര വേദികളിലെ അംഗീകാരങ്ങള്‍ തേടിയുള്ള യാത്രയില്‍ മലയാളപ്പെരുമയുടെ പ്രതീകമായി ‘ചാരുലതയുടെ ബാക്കി' എന്ന ഹ്രസ്വസിനിമ തിളങ്ങിനിന്നു. ഒരു പെണ്‍കുട്ടിയുടെ വ്യക്തിത്വത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളാണ് ഈ ചിത്രം തുറന്നു കാട്ടിയത്.

ഗീതു മോഹന്‍‌ദാസ്

ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖമായിരുന്നു ഗീതു മോഹന്‍‌ദാസിന്. പിന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ ഗീതു നായികയായ് നമ്മുടെ മുന്നില്‍ വന്നു. ഗീതു സംവിധായികയുടെ മേലങ്കിയണിഞ്ഞത് കുട്ടിക്കളിയായല്ല. 'കേള്‍ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ചതായി മാറി.

ശ്രീബാല കെ മേനോന്‍

“മനുഷ്യരുടെ മനസ്സിലേക്ക് കടന്നുകയറി അതിനകത്തുള്ളതെല്ലാം വലിച്ചു പുറത്തിടാന്‍ കെല്‍പ്പുള്ള പെണ്‍കുട്ടിയാണ് ശ്രീബാല“- ഇത് അവരുടെ ഓര്‍മ്മക്കുറിപ്പികളുടെ സമാഹാരത്തില്‍ നടന്‍ ശ്രീനിവാസന്‍ എഴുതിയ ആമുഖത്തിലെ വരികളാണ്. തന്റേതായ ശൈലിയില്‍ ഭംഗിയുള്ള കഥകള്‍ എഴുതിയിരുന്ന ശ്രീബാല സിനിമയിലെ ലാസ്റ്റ് അസിസ്റ്റന്റില്‍ നിന്ന് സത്യന്‍ അന്തിക്കാടിന്റെ ചീഫ് അസോസിയേറ്റ് എന്ന പദവിയിലേക്ക് ഉയര്‍ന്നത് ഞൊടിയിടയിലായിരുന്നു.

ആദ്യ ഹ്രസ്വചിത്രത്തിന് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് ശ്രീബാല തെരഞ്ഞെടുത്തത്. ‘പന്തിഭോജനം‘ എന്ന ഈ സിനിമയ്ക്ക് ജാതിവിവേചനം പ്രമേയമായി.

പരിമിതി എന്ന വാക്കിന് ഇവിടെ പ്രസക്തിയില്ല

വെള്ളിത്തിരയില്‍ നാം കാണുന്ന മാസ്മരിക ലോകത്തിനുമപ്പുറം, ഓരോ സിനിമയെയും ഉലയില്‍ ഊതിക്കാച്ചി മിനുക്കിയെടുക്കാന്‍ പാടുപടുന്ന വനിതകള്‍ അനവധിയുണ്ട്. കുടുംബത്തില്‍ സിനിമാ ബന്ധമില്ലാതെ തന്നെ ഈ രംഗത്തേക്ക് കടന്നുവന്നവരാണ് ബഹുഭൂരിപക്ഷവും എന്നത് ശ്രദ്ധേയമാണ്. ആഗ്രഹപൂര്‍ത്തീകരണത്തിനായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഈ രംഗത്തോട് വിടപറയുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഭദ്രമായ കുടുംബജീവിതം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഈ മേഖല വഴങ്ങും എന്നതിന് തെളിവാണ് നമ്മുടെ പുതുമുഖ സിനിമാ പ്രവര്‍ത്തകരില്‍ പലരും.

പരിമിതി എന്ന വാക്കിന് ഗുഡ്ബൈ പറഞ്ഞ് മുന്നേറുന്ന ഈ വനിതകളില്‍ പ്രതീക്ഷയര്‍പ്പിച്ച് നാളെയുടെ ഒരു സിനിമാക്കാലം കാത്തിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :