പവിഴാധരങ്ങളിലും പുകയും വില്ലന്‍!

രമ്യ കെ സുതന്‍

WEBDUNIA|
PRO
പുകവലിക്കുന്ന സ്ത്രീകളെയും മദ്യപിക്കുന്ന സ്ത്രീകളെയും ഇന്ത്യന്‍ സമൂഹത്തിന് അത്ര പരിചയം പോര. എന്നാല്‍, ഈ അപരിചിതത്വം ഇനി അധികകാലം തുടരില്ല എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

നമുക്ക് തൊട്ടു മുമ്പുള്ള തലമുറയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുകവലി തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു. ഇപ്പോളിതാ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിലും സിഗരറ്റിന്റെ പുകവളയങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

സിഗരറ്റ് പുകച്ചു തള്ളുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ബിപി‌ഒ ഉദ്യോഗസ്ഥകളാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തില്‍ പറയുന്നത്. പുകവലിക്കുന്ന പാശ്ചാത്യ ശൈലിയോട് ആരാധന പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ പുകയിലയുടെ മാലിന്യം നിറയ്ക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളുടെ പുകവലിയുടെ ആധിക്യം പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 8-35 ശതമാനം വരെ സിഗാറിലൂടെ ടെന്‍ഷന്‍ പുക ഊതിവിടുന്നവരാണത്രേ! ബിപിഒ ഉദ്യോഗസ്ഥകള്‍ തങ്ങളുടെ വ്യത്യസ്തമായ കോര്‍പ്പറേറ്റ് സംസ്കാരം ആഘോഷിക്കുന്നത് സിഗരറ്റിനെ കൂടി കൂട്ടുപിടിച്ചാണ്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക സാംസ്കാരിക നില അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ വനിതകളിലെ പുകവലി ശീലം വളരെക്കൂടുതലാണെന്ന് ഈ ചുരുക്കം ചില ഉദാഹരണങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങളും മാറി വരുന്ന ജീവിത വീക്ഷണവുമായിരിക്കാം വളയിട്ട കൈകളെ സിഗരറ്റും ലൈറ്ററും പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യത്തെ സ്ത്രീകള്‍ പുകവലിയില്‍ നിന്ന് രക്ഷ നേടാനായി പെടാപാടുപെടുന്ന കഥകള്‍ കൂടി പാശ്ചാത്യ ശൈലിയെ ആരാധിക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ഉപദേശം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം- പുരുഷന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലേ? പുകവലി എന്താ പുരുഷന്മാരുടെ കുത്തകയോ? എന്നൊക്കെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :