അമ്മ: ഉറങ്ങാതെ കൂട്ടിരിക്കുന്ന സ്നേഹം

ജോയ്സ്

ചെന്നൈ| WEBDUNIA|
PRO
എന്തെന്ന് പറഞ്ഞു തരുന്ന ഒരു ‘ഇന്‍റര്‍നെറ്റ്’ കുറിപ്പ്. കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റ് ആണെങ്കിലും ആധുനിക ലോകത്തിന് അമ്മയെ മനസ്സിലാക്കാന്‍ ഇത് ധാ‍രാളം. കൂട്ടുകാരന്‍റെ സങ്കടമായിരുന്നു ഈ കുറിപ്പില്‍ ‘നെറ്റിസണ്‍’ പങ്കുവെച്ചത്. കൂട്ടുകാരന്‍റെ ഒരാഴ്ചയായി ഉറങ്ങാന്‍ പോകുന്നത് രാവിലെ അഞ്ചു മണിക്ക്. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഉറങ്ങുന്നു.

നാലു മാസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞ് നിറുത്താതെ കരച്ചിലാണെപ്പോഴും. ജോലിക്ക് പോകേണ്ടതിനാല്‍ കൂട്ടുകാരന് ഉറങ്ങാതിരിക്കാന്‍ വയ്യ. ഭാര്യയുടെ അനുഭവം കണ്ട് കണ്ണുനിറഞ്ഞ കൂട്ടുകാരന്‍ സഹപ്രവര്‍ത്തകനോട് പറഞ്ഞു, ‘നമ്മള്‍ ചെറുതായിരുന്നപ്പോള്‍ നമ്മുടെ അമ്മയും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും, അല്ലേ?’. അതെ, ഇല്ലെങ്കില്‍ നമ്മളൊക്കെ ഇങ്ങനെയിരിക്കുമോ?

അമ്മയെന്ന സങ്കല്പത്തെ സ്വര്‍ണ നൂലുകൊണ്ട് തൊട്ടിലുണ്ടാക്കി താരാട്ടു പാടിയുറക്കുന്ന ഒരു കഥാകൃത്തുണ്ട് നമ്മള്‍ക്ക്. അമ്മയെ കണ്ട ഓര്‍മ്മയില്ല, എന്നെ പ്രസവിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. അമ്മ എന്തെന്ന് അറിഞ്ഞത് ബാപ്പയുടെ അമ്മ തന്ന വാല്സല്യത്തില്‍ നിന്നാണ്. പിന്നെ ബാലാമണി അമ്മയുടെ കവിതകളിലൂടെ, വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ. അമ്മയെക്കുറിച്ച് ആരുപറയുമ്പോഴും അതീവ താല്പര്യത്തോടെ കേള്‍ക്കാറുണ്ട് - മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ യു എ ഖാദറിന്‍റേതാണ് ഈ അമ്മ സങ്കല്പങ്ങള്‍. ഓര്‍മ്മകളില്‍ പോലും ഇല്ലാത്ത അമ്മയെ സങ്കല്പങ്ങളുടെ സ്വര്‍ഗലോകത്ത് കൂടെ കൂട്ടുകയാണ് ഈ കഥാകാരന്‍.

‘അമ്മ’ എന്ന നന്മ എത്ര ലഭിച്ചാലും നമുക്ക് മതിയാകില്ല. ലഭിക്കുമ്പോള്‍ ആര്‍ഭാടത്തോടെ ആസ്വദിച്ചു തീര്‍ക്കാന്‍, പിന്നെയും പിന്നെയും കൊതിതീരെ ലഭിക്കാന്‍. എന്നാല്‍ പുതിയ കാലം ആ വലിയ നന്മയെ പുറങ്കാല്‍ കൊണ്ട് തട്ടിയെറിയുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അമ്മയുടെ ഓര്‍മ്മകള്‍ പോലും ഒഴിയാബാധകളാകുകയും ചെയ്യുന്നു. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, പണത്തിന്‍റെ പിന്നാലെ പാഞ്ഞപ്പോള്‍ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാ‍തൃത്വങ്ങള്‍...മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്.

‘പെറ്റമ്മയല്ലേ ഞാന്‍ അവര്‍ക്ക് എന്നെ വന്ന് ഒന്നു കണ്ടു കൂടേ’ കോഴിക്കോട് ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയിലെ അമ്മയാണ് ഇത് ചോദിക്കുന്നത്. 22 വര്‍ഷം മുമ്പാണ് രോഗബാധിതയായ അമ്മയെ മക്കള്‍ ഇവിടെ കൊണ്ടുവന്നാക്കിയത്. കൂലിവേലക്കാരായ മക്കള്‍ ആറുവര്‍ഷം മുമ്പാണ് അവസാനമായി ഇവിടെയെത്തിയത്. പിന്നീട് ഇതുവരെ വന്നിട്ടില്ല. ഈ ആശുപത്രിയില്‍ ഇവരെ പോലെ നൂറുകണക്കിന് അമ്മമാരാണ് സ്വന്തം മക്കളുടെ മുഖം ഒന്നു കാണാനും വിളിയൊന്നു കേള്‍ക്കാനും കാത്തിരിക്കുന്നത്. രോഗബാധിതയായതിനെ തുടര്‍ന്ന് ഭര്‍ത്താവും മക്കളും ഉപേക്ഷിച്ചവരും ഇവിടെയുണ്ട്.

ഓരോ കുഞ്ഞും ഓരോ അമ്മമാരുടെയും പത്തു മാസത്തെ ശ്രദ്ധയോടെയുള്ള പരിചരണത്തിന്‍റെ ഫലമാണ്. പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ അലറിവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ. ആണാണോ പെണ്ണാണോ എന്നൊന്നും നോക്കിയില്ല. പൊന്നു പോലെ നോക്കി, വളര്‍ത്തി വലുതാക്കി. ആഗ്രഹിച്ചിടങ്ങളിലേക്ക് പറത്തിവിട്ടു. അങ്ങനെ പറന്നു പോയവരുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാ‍ണ് ഇവിടെ ചില അമ്മമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :