‘ആര്‍ത്തവം’ സര്‍ക്കാര്‍ ആഗോളകമ്പനികള്‍ക്ക് വില്ക്കുമോ?

ജെ ജെ

WEBDUNIA|
PRO
കൊടുംദാരിദ്ര്യം അനുഭവിക്കുന്ന ചില ഉള്‍നാടന്‍ ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ ആര്‍ത്തവരക്തം തടയാന്‍ സ്ത്രീകള്‍ മണ്ണു ചാരവും കുഴച്ച് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ആര്‍ത്തവ കാലത്ത് ഉപയോഗിക്കാന്‍ ഒരു തുണ്ട് തുണി പോലും ലഭ്യമാകാത്തതായിരുന്നു കാരണം. 2007ല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം ഓര്‍മ്മയില്ല) ഉത്തരേന്ത്യയിലെ ഇത്തരം മേഖലകളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന മഹദ് വ്യക്തിയെക്കുറിച്ചുള്ള ലേഖനം വന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേരും മറന്നു. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും ആ പേര് ഓര്‍മ്മയില്‍ വരികയാണെങ്കില്‍ ദയവായി ഇവിടെ കുറിച്ചിടുക. അവിടെ അദ്ദേഹം ചെയ്തിരുന്നത് നിര്‍ദ്ദരരായ സ്ത്രീകളെ ആദ്യം നാപ്കിന്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയായിരുന്നു. സാനിറ്ററി നാപ്കിനുകള്‍ അഥവാ പാഡുകള്‍ ഉണ്ടാക്കുന്നത് അവര്‍ക്ക് ഉപജീവനമാര്‍ഗമായതിന് ഒപ്പം സ്വന്തം ജീവിതചര്യയിലെ മാറ്റവുമായി. പൂര്‍വകാലങ്ങളെ അപേക്ഷിച്ച് അവര്‍ ‘ഹെല്‍ത്ത് സ്റ്റബിലിറ്റി’ ഉള്ളവരായി.

കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ ഇരുപതു കോടി സ്ത്രീകള്‍ക്കായി നാപ്കിന്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത നമ്മുടെ ആരോഗ്യമേഖലയില്‍ പുത്തന്‍ ഉണര്‍വ് ആയിരിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യത്തില്‍ വൈകിയാണെങ്കിലും നമ്മുടെ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു എന്നറിയുന്നതില്‍ സന്തോഷിക്കാന്‍ വകയുണ്ട്. ഓരോ വര്‍ഷവും ഇതിനായി സര്‍ക്കാര്‍ നീക്കി വെയ്ക്കാന്‍ ഉദ്ദേശിക്കുന്നത് 2,000 കോടി രൂപയാണ്. ഇതുമൂലം രാജ്യത്തെ ഇരുപതു കോടിയിലധികം വരുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു വര്‍ഷം 100 നാപ്കിന്‍ ലഭിക്കും. ഒരു പാഡിന് ഒരു രൂപ എന്ന നിരക്കിലായിരിക്കും സര്‍ക്കാര്‍ പാഡുകള്‍ ലഭ്യമാക്കുക. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ ആര്‍ത്തവകാലത്തെ ആരോഗ്യകാലമാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

പക്ഷേ നാപ്കിന്‍ എങ്ങനെ കണ്ടെത്തും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇറക്കുന്ന സ്റ്റേഫ്രീ, കെയര്‍ഫ്രീ പാഡുകളും പ്രോക്ടര്‍ ആന്‍ഡ് ഗാംബ്‌ള്‍ കമ്പനി പുറത്തിറക്കുന്ന വിസ്പറുമാണ് ഇന്ത്യന്‍ സാനിറ്ററി വിപണിയെ അടക്കിവാഴുന്ന രണ്ട് അന്താരാഷ്ട്ര കമ്പനികള്‍. കിംബര്‍ലി ക്ലാര്‍ക്കും ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡും ഈ രംഗത്ത് മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും ഇവര്‍ക്ക് വിപണിയില്‍ വലിയ പ്രസക്തിയില്ല എന്നതാണ് സത്യം. ഇന്ത്യന്‍ സാനിറ്ററി നാപ്കിന്‍ വിപണിയുടെ 92 ശതമാനവും അടക്കിവാഴുന്നത് ‘സ്റ്റേഫ്രീ’ ‘വിസ്പര്‍’ പാഡുകളാണ്. അതുകൊണ്ട് സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവരുമ്പോള്‍ ഈ വന്‍കിട കമ്പനികളുമായി ധാരണയിലെത്തേണ്ടി വരുമോ എന്നതാണ് പുതിയ സംശയം.

ഒരു പാഡിന് ഒരു രൂപ എന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പദ്ധതി. പക്ഷേ നാപ്കിന്‍ എവിടെ നിന്ന് എത്തിക്കും. സര്‍ക്കാരിന്‍റെ മുമ്പില്‍ ആദ്യം തെളിഞ്ഞു വരുന്നത് വിസ്പറും സ്റ്റേഫ്രീയുമായിരിക്കും. പക്ഷേ, മൂന്നു രൂപ മുതല്‍ എട്ടു രൂപ വരെയാണ് ഇത്തരം കമ്പനികളുടെ നാപ്കിന്‍ ഒന്നിന് വില. ഇത് സര്‍ക്കാരിന് താങ്ങാന്‍ കഴിയുമോ? അതോ വന്‍കിട കമ്പനികളുമായി ധാരണയുണ്ടാക്കി ഇന്ത്യന്‍ സ്ത്രീകളുടെ ആര്‍ത്തവം അവര്‍ക്ക് സുവര്‍ണകാലമാക്കുമോ? നമ്മുടെ നാട്ടില്‍ വളരെ വിരളമായി മാത്രമേ നാപ്കിന്‍ വ്യവസായ അടിസ്ഥാ‍നത്തില്‍ നിര്‍മ്മിക്കപ്പെടുന്നുള്ളൂ എന്നതും ഒരു കാരണമാണ്.

സര്‍ക്കാരിന്‍റെ ‘നാപ്കിന്‍’ പദ്ധതിയെക്കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ എടുത്തുകാണിക്കുന്ന വ്യക്തിയാണ് കോയമ്പത്തൂരുള്ള എം മുരുകാനന്ദത്തെ. കുറഞ്ഞ ചെലവില്‍ നാപ്കിന്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ അദ്ദേഹത്തെ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ നാപ്കിന്‍ നിര്‍മ്മിക്കാന്‍ സ്വന്തമായി ഒരു യന്ത്രമായിരുന്നു മുരുകാനന്ദം കണ്ടുപിടിച്ചത്. ഒരു ലക്ഷം രൂപ മാത്രമാണ് ഇദ്ദേഹം കണ്ടുപിടിച്ച യന്ത്രത്തിന്‍റെ വില. കുത്തകകമ്പനികളുടെ മെഷീനുകള്‍ മൂന്നരക്കോടി രൂപയുടേതാണെന്ന സത്യമാണ് ഇവിടെ സ്മരിക്കേണ്ടത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ ഇരുനൂറോളം സ്ഥലങ്ങളിലായി സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ ഈ മെഷീന്‍ ഉപയോഗിച്ച് നാപ്കിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. വന്‍കിട കമ്പനികളോട് കിടപിടിക്കുന്ന പാഡുകള്‍ തന്നെയാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഒരു പാഡിന് ഒരു രൂപയാണ് വില, എട്ടുമണിക്കൂര്‍ ഷിഫ്റ്റില്‍ ആയിരം പാഡുകള്‍ ഉണ്ടാക്കാം, ഒരു യൂണിറ്റില്‍ പത്തു സ്ത്രീകള്‍ക്ക് ജോലിയും ചെയ്യാം. ചുരുക്കത്തില്‍ സര്‍ക്കാര്‍ പദ്ധതി മുരുകാനന്ദനുമായി കൂടിയാലോചിച്ച് ചെയ്യുകയാണെങ്കില്‍ ഇന്ത്യയിലെ സ്ത്രീകള്‍ സ്വയം പര്യാപ്തരുമായി.

നാപ്കിന്‍ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്ന 2000 കോടി രൂപയുണ്ടെങ്കില്‍ ഇതു പോലത്തെ ഒരു ലക്ഷം യന്ത്രങ്ങള്‍ വാങ്ങാം, പത്തു ലക്ഷം സ്ത്രീകള്‍ക്ക് തൊഴിലും ലഭിക്കും. അങ്ങനെ വരുമ്പോള്‍ അത് ആഗോളകമ്പനികള്‍ക്ക് ഭീഷണിയാകും. ആ ചോദ്യമാണ് ഇവിടെ ഉയരുന്നതും. സര്‍ക്കാരിന് ആഗോള കമ്പനികളെ ‘ഫേവര്‍’ ചെയ്യേണ്ടി വരുമോ? സ്ത്രീകള്‍ക്ക് പാഡ് മാത്രം എത്തിച്ച് കൊടുത്താല്‍ പോരാ. അത് എങ്ങനെ ഉപയോഗിക്കണമെന്നും ഉപയോഗിച്ചതിനു ശേഷം എങ്ങനെ കളയണമെന്നും സംബന്ധിച്ച് ബോധവല്‍ക്കരണം നല്കണം. എങ്കില്‍ മാത്രമേ ‘ആര്‍ത്തവ’ കാലത്തെ സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :