ഹേയ് ചാനല്‍ ഗേള്‍സ്, ഒരു മിനിറ്റ്!

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
PRO
PRO
വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. മലയാളത്തിലെ വാര്‍ത്താ അവതാരകരായ ചില പെണ്‍കുട്ടികളുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും ഈ പഴമൊഴി ഓര്‍ക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. എത്രത്തോളം അശ്രദ്ധമാകാമോ അതിന്‍റെ പരമാവധി അശ്രദ്ധയോടെ വാര്‍ത്തകളെ ‘ഓണ്‍ എയറിലേക്ക്’ പറത്തി വിടാനാണ് പലര്‍ക്കും താല്പര്യം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുമായി ടെലിപ്രോംപ്റ്ററിനു മുന്നിലിരുന്ന പല പെണ്‍കുട്ടികളും ഒരു ദിവസം ഒരു അബദ്ധം എന്ന രീതിയില്‍ നല്ല പോലെ സ്കോര്‍ ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ പുതുമയൊന്നുമില്ലെങ്കിലും കേരളം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു ചില ചോദ്യങ്ങള്‍.

ഒരു ഉദാഹരണം. മലയാളിയെ സ്വകാര്യ ടെലിവിഷന്‍ ലോകത്തേക്ക് കൈപിടിച്ച് നടത്തിയവരുടെ വാര്‍ത്താചാനലിലാണ് സംഭവം. ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ വയനാട് കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട ദിവസം. ഏറ്റവും പുതിയ വിവരങ്ങളുമായി ഹൈക്കോടതിയുടെ മുമ്പില്‍ നിന്നും റിപ്പോര്‍ട്ടര്‍ ലൈവുമായി റെഡി. ന്യൂസ് സ്റ്റുഡിയോയിലിരിക്കുന്ന പെണ്‍കുട്ടി പതിവു പോലെ ചോദ്യം തുടങ്ങി.

വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യം കുറച്ച് ‘ആഴ’ത്തിലുള്ളതായിരുന്നു. ചോദ്യം ഇങ്ങനെ, ‘ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പറയൂ, എന്തൊക്കെയാണ് വിശദാംശങ്ങള്‍?’ ഓണ്‍ എയറിലേക്ക് ചോദ്യം പറത്തിവിട്ട് കൂളായി അവതാരക ഇരിക്കുകയാണ്. ആഴത്തിലുള്ള ഒരു ചോദ്യം ചോദിച്ചതിന്‍റെ ഭാവവും മുഖത്തുണ്ട്.

ചോദ്യം കേട്ട് ഹൈക്കോടതിയുടെ മുമ്പില്‍ ‘ലൈവാ’യി നിന്ന റിപ്പോര്‍ട്ടര്‍ പെണ്‍കുട്ടി ഒന്നു പരുങ്ങി. പക്ഷേ അവതാരകയുടെ അറിവില്ലായ്മയെ തിരുത്താനുള്ള മനസ്സ് റിപ്പോര്‍ട്ടര്‍ കാണിച്ചു. ഇടുക്കി ജില്ലാ കളക്ടറല്ല വയനാട് ജില്ലാ കളക്ടറാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.

ഭൂപ്രശ്നം രണ്ടിടത്തും സജീവമായി നില്ക്കുന്നതിനാല്‍ വയനാടും മൂന്നാറും ഒരുനിമിഷം ചിലപ്പോള്‍ മാറിപ്പോകാം. എങ്കിലും ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വാര്‍ത്തകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിടുമ്പോള്‍ കമ്പനിയോട് മാത്രമല്ല വാര്‍ത്തയോടും ജനങ്ങളോടും ഓരോ അവതാരകയും അവതാരകനും പ്രതിബദ്ധരാണ്. വാര്‍ത്താ അവതാരകര്‍ ടെലി പ്രോംപ്റ്ററില്‍ നോക്കി വാര്‍ത്ത വായിക്കുന്നത് ഇന്നും ഒരു വലിയ വിഭാഗം സാധാരണ ജനങ്ങള്‍ക്കും അദ്ഭുതമാണ്. ആ അദ്ഭുതം അങ്ങനെ തന്നെ നിലനില്ക്കട്ടെ.

എല്ലാ കാര്യങ്ങളെയുംക്കുറിച്ച് വ്യക്തമായ അറിവും ആഴത്തിലുള്ള അവബോധവും ഓരോ വാര്‍ത്താ അവതാരകര്‍ക്കും വേണം. മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിലും മേയ്ക്കപ്പ് ശരിയാക്കുന്നതിലും ഡ്രസ്സിനു ചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണിക്കുന്നതിന്‍റെ പകുതി ശ്രദ്ധയും ബോധവും ന്യൂസ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കില്ല.

പ്രോംപ്റ്ററിന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍ പലരും സ്വന്തം പ്രായോഗിക ബുദ്ധി ഉപയോഗിക്കാനും ശ്രദ്ധിക്കാറില്ല. തലക്കെട്ടുകള്‍ വായിച്ചു കഴിയുമ്പോള്‍ ടെലിപ്രോംപ്റ്ററിന് എന്തെങ്കിലും സംഭവിച്ചാല്‍ അന്തം വിട്ടിരിക്കുന്ന അവതാരകരോ പരസ്പരം ബന്ധമില്ലാത്ത വാചകങ്ങളോ ആയിരിക്കും മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്നത്.

മലയാളത്തിലെ ആദ്യ മുഴുവന്‍സമയ വാര്‍ത്താചാനലില്‍ തലവാചകം പറഞ്ഞതിനു ശേഷം കേട്ട വാര്‍ത്ത ഇങ്ങനെ. ‘ശമ്പള കമ്മീഷന്‍ തടയണ പൊളിക്കുമോ എന്ന് ഇന്നറിയാം. ബി ജെ പി നിര്‍വ്വാഹക സമിതി ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക’. വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണോ ഇതിന് കാരണം. അല്ല ന്യൂസ് സ്റ്റുഡിയോയില്‍ ബുദ്ധി ഒട്ടുമേ ഉപയോഗിക്കുന്നില്ലെന്നത് തന്നെ. അവതാരകരെ, എന്തെങ്കിലും ചോദിച്ച് പറഞ്ഞ് പോകാനുള്ള റിഹേഴ്സല്‍ നാടകവേദിയല്ല ന്യൂസ് സ്റ്റുഡിയോ. നിങ്ങള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹമുണ്ടെന്ന് മറക്കരുത്.

ട്വന്‍റി 20 ക്രിക്കറ്റിനെ രണ്ടായിരത്തി ഇരുപത് ക്രിക്കറ്റായി മാറ്റിയ മിടുക്കിയും നമ്മുടെ വാര്‍ത്തചാനലുകള്‍ക്ക് മാത്രം സ്വന്തം. ‘ക്ഷമിക്കണം’ എന്ന വാക്ക് മലയാളത്തിലുള്ളതു കൊണ്ട് എന്ത് പറഞ്ഞാലും അതെടുത്ത് വീശാം. വാര്‍ത്താ അവതാരകരെ നിങ്ങളോട് ക്ഷമിക്കാനും പൊറുക്കാനുമല്ല ജനം വാര്‍ത്ത കാണുന്നത്. വാര്‍ത്തയെ അതിന്‍റെ വ്യക്തതയോടെയും ആധികാരിതയോടു കൂടിയും അറിയുവാനാണ്.

വാര്‍ത്തകളെക്കുറിച്ചും സമകാലിക വര്‍ത്തമാനത്തെക്കുറിച്ചും ബോധമുള്ളവരാണ് നിങ്ങള്‍. കുടുംബത്തിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണും. പക്ഷേ, ന്യൂസ് സ്റ്റുഡിയോയില്‍ നിങ്ങള്‍ വാര്‍ത്തകളെ അടിമകളാക്കണം. പറയുന്ന ഓരോ വാക്കും എന്താണെന്ന് മനസ്സിലുണ്ടാവണം. ഒന്നു ശ്രമിച്ചു നോക്കൂ. ന്യൂസ് സ്റ്റുഡിയോയിലെ ബ്ലണ്ടറുകള്‍ ആവര്‍ത്തിക്കാതിരിക്കൂ. രാജേശ്വരി മോഹന്‍, മായ, അളകനന്ദ, അനുപമ എന്നിവരെ പോലുള്ള മികച്ച വര്‍ത്താ അവതാരകരുടെ പിന്‍മുറക്കാര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :