ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » പ്രസവം സിസേറിയനായി, എന്നിട്ടും മാതാക്കള്‍ മരിക്കുന്നു (One third of deliveries in Kerala are Caesarean)
Bookmark and Share Feedback Print
 
PRO
ആശങ്കാകുലമായ റിപ്പോര്‍ട്ടാണ് കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പഠനം നടത്തിയ ഏജന്‍സി കഴിഞ്ഞദിവസം പുറത്തുവിട്ടത്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മൂന്നിലൊന്ന് പ്രസവങ്ങളും സിസേറിയന്‍ മാര്‍ഗത്തിലൂടെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ ഒമ്പത് ശതമാനം പെണ്‍‌കുട്ടികളും പതിനെട്ട് വയസ്സിന് മുമ്പ് വിവാഹിതരാവുന്നതായും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിസേറിയന്‍ മാര്‍ഗത്തിലൂടെയുള്ള പ്രസവം ദേശീയ തലത്തില്‍ 8.5 ശതമാനമാണെന്നിരിക്കെ സംസ്ഥാനത്ത് ഇത് മൂന്ന് മടങ്ങ് അധികമാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് ഇത് 15 ശതമാനം വരെ ആകാമെന്നാണ്. കുടുംബങ്ങളുടെ ആ‍വശ്യത്തെത്തുടര്‍ന്നാണ് കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങളും നടക്കുന്നത്. ശുഭസമയത്തില്‍ കുഞ്ഞ് പിറക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നില്‍.

കൊച്ചിയിലെ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ സോഷ്യോ എക്കോണമിക് ആന്‍റ് എന്‍‌വറോണ്‍‌മെന്‍റല്‍ സ്റ്റഡീസ് ആണ് “കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം: നിലവിലെ സ്ഥിതിയും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും” എന്ന വിഷയത്തില്‍ പഠനം നടത്തിയത്. പ്രസവം സംബന്ധിച്ച് വിശദവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ സ്ഥലത്തെ പ്രാദേശിക ഭരണ സംവിധാനത്തെ അറിയിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും പല ആശുപത്രികളും ഡോക്ടര്‍മാരും ഇത് പാലിക്കാറില്ല.

കേരളത്തില്‍ ഒമ്പത് ശതമാനം വിവാഹങ്ങളും പെണ്‍‌കുട്ടിക്ക് 15 - 17 പ്രായമുള്ളപ്പോഴാണ് നടക്കുന്നത്. ഇത് നിയമപരമായ പ്രായത്തേക്കാള്‍ കുറവാണ്. അതേസമയം 15 വയസ്സിന് താഴെയുള്ള പെണ്‍‌കുട്ടികളുടെ വിവാഹം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് മൂന്നില്‍ രണ്ട് പെണ്‍‌കുട്ടികളും 20 വയസ്സിലോ അതിന് ശേഷമോ ആണ് വിവാഹിതരാ‍കുന്നത്. രാജ്യത്തൊട്ടാകെ വിലയിരുത്തുമ്പോള്‍ ഇത് 36 ശതമാനമാണ്. സംസ്ഥാനത്ത് 18 വയസ്സിന് മുമ്പ് നടക്കുന്ന വിവാഹങ്ങളില്‍ നാലില്‍ മൂന്നും മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നാണ്. ഈ മേഖലകളില്‍ ജനനനിരക്കും കൂടുതലാണ്.

ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ (എ‌എന്‍‌സി) നടത്തുന്നതിലും കേരളമാണ് മുന്നില്‍. രണ്ടാം ഘട്ട ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 1999ല്‍ ഗര്‍ഭകാ‍ല പരിശോധനകള്‍ കേരളത്തില്‍ 8.7 ശതമാനമായിരുന്നു. ദേശീയതലത്തില്‍ ഇത് 2.8 മാത്രമാണ്. ആവശ്യത്തിലധികമുള്ള എ‌എന്‍‌സി കൂടുതല്‍ വൈദ്യ പരിശോധന ആവശ്യമാകുന്നതിന് കാരണമാകും.

ഉല്‍‌പാദന നിരക്ക് നിര്‍ദിഷ്ട കുറവിലേക്ക് കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ ഇത് 2.7 ശതമാനമാണ്. പതിനൊന്നാം പഞ്ചവല്‍‌സര പദ്ധതി പ്രകാരം ഇത് 2.1 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ ഉല്‍‌പാ‍ദന നിരക്ക് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മാതൃമരണ നിരക്ക് കുറച്ചുകൊണ്ട് വരാന്‍ സംസ്ഥാനം വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ശിശുമരണ നിരക്ക് കുറച്ചതുപോലെ വേഗത്തില്‍ ഇത് കുറയ്ക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍