തങ്കക്കുടം വളരുമ്പോള്‍ ഒരു സമ്പാദ്യവും കൂടെ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും കുറഞ്ഞത് ഒരു എല്‍ ഐ സി പോളിസിയെങ്കിലും മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതിയിരിക്കും. മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ കരുതല്‍ കുഞ്ഞുങ്ങളും അറിയണ്ടേ. എല്‍ ഐ സിയില്‍ ചേര്‍ന്നതിന്‍റെ പേപ്പറുകളും മാസാമാസം അടയ്‌ക്കുന്ന കാശിന്‍റെ രസീതും കാണിക്കണമെന്നല്ല. പിന്നെയോ, കുഞ്ഞിവാവയുടെ മനസിലും വളര്‍ത്താമെന്നേ ഒരു സമ്പാദ്യശീലം.
ഓ! കൊച്ചുകുട്ടിയല്ലേ. കൈയില്‍ കാശ് കൊടുത്താല്‍ തോന്നിയ പോലെ മിഠായി വാങ്ങിയും മറ്റും തീര്‍ത്തു കളയും എന്നാണോ പേടി. അതിനല്ലേ നമ്മുടെ പണക്കുടുക്ക. ദിവസവും കൈയില്‍ കിട്ടുന്ന ചില്ലറ പൈസകള്‍ പണക്കുടുക്കയില്‍ സ്വരൂപിച്ച് സൂക്ഷിക്കാന്‍ കുട്ടികളെ നിര്‍ദ്ദേശിക്കാം.
പ്ലേ സ്‌കൂളില്‍ പോകുന്ന കൊച്ചു കാന്താരിക്കും പോക്കറ്റ് മണി കൊടുക്കുന്ന കാലമല്ലേ ഇപ്പോഴത്തേത്. പോക്കറ്റ് മണി ലഭിക്കുന്നതില്‍ നിന്നും പൈസ സ്വരൂപിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കാം. ഒരു നിശ്‌ചിത തുകയായി കഴിയുമ്പോള്‍ കുട്ടിയുമായി ചെറിയ ഒരു ഔട്ടിങ്. കുട്ടികാന്താരിക്ക് ഇഷ്‌ടമുള്ളതും ഉപയോഗപ്രദവുമായ എന്തെങ്കിലും ഒരു സാധനം വാങ്ങാം. ഡ്രസോ, ചെരിപ്പോ, സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളോ, കഥാപുസ്തകങ്ങളോ അങ്ങനെ കുട്ടിക്ക് ഇഷ്‌ടമുള്ളതെന്തും. പൈസ സമ്പാദിക്കുമ്പോള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ഒരു പ്രത്യേക ലക്‌ഷ്യം നല്കാം. ഒരു ക്രിക്കറ്റ് ബാറ്റ് അല്ലെങ്കില്‍ കളര്‍ ബോക്‌സ് അങ്ങനെ എന്തെങ്കിലും. അതിനാവശ്യമായ കാശ് സ്വരൂപിച്ച് കഴിയുമ്പോള്‍ കുട്ടിയെ കൂടെ കൊണ്ടു പോയി സാധനങ്ങള്‍ വാങ്ങിനല്‍കാം. സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം ബില്ലും വാങ്ങി സൂക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം.
സമ്പാദ്യശീലം കുട്ടിയില്‍ വളര്‍ത്തുന്നതിനൊപ്പം കുട്ടിയെ നമ്മള്‍ അംഗികരിക്കുന്നുണ്ടെന്ന തോന്നലും അവരിലുണ്ടാക്കണം. ഇടയ്‌ക്ക് പണം ആവശ്യം വരുമ്പോള്‍ കുട്ടിയില്‍ നിന്ന് കടം വാങ്ങാം. പക്ഷേ, കടം വാങ്ങിയ കാശ് പറഞ്ഞ അവധിക്ക് തന്നെ കുഞ്ഞിന് തിരികെ നല്കാനും ശ്രദ്ധിക്കണം. ഓര്‍ക്കുക, കുഞ്ഞ് നമ്മളില്‍ നിന്ന് പഠിക്കുന്നത് എടുക്കാന്‍ മാത്രമാകരുത്, കൊടുക്കാനും കൂടിയാകണം. സ്‌കൂളില്‍ വിജയിയായി വരുമ്പോഴും സമ്മാനങ്ങള്‍ നേടി വരുമ്പോഴുമെല്ലാം ഈ അംഗീകാരം കൊടുക്കണം. ചെറിയ ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും അവധി ദിവസങ്ങളില്‍ കുട്ടികളെ കൊണ്ട് ചെറിയ യാത്രകള്‍ പോകുകയും ചെയ്യാം.
പണത്തിന്‍റെ മൂല്യം കുഞ്ഞിന് മനസ്സിലായി തുടങ്ങുമ്പോള്‍ കുട്ടിയുടെ പേരില്‍ ഒരു ബാങ്ക് അക്കൌണ്ട് തുറന്ന് നല്‌കാം. പിന്നീട് പണക്കുടുക്കയില്‍ സൂക്ഷിച്ചു വയ്‌ക്കുന്ന കാശ് ബാങ്കില്‍ കൊണ്ടു പോയി നിക്ഷേപിക്കാന്‍ പരിശീലിപ്പിക്കാം. കുട്ടിയുടെ അക്കൌണ്ടില്‍ പണമിടാന്‍ മാതാപിതാക്കള്‍ പോകരുത്. കുട്ടിയെയും ഒപ്പം കൂട്ടണം. ബാങ്ക് എന്താണെന്നും അവിടുത്തെ നടപടികള്‍ എന്തൊക്കെയാണെന്നും കുട്ടിയും പഠിക്കട്ടെ.
സ്‌കൂളുകളില്‍ മറ്റും എന്തെങ്കിലും സമ്പാദ്യ പദ്ധതികളുണ്ടെങ്കില്‍ കുട്ടികളെ അതില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കാം. ഇത് ആരോഗ്യകരമായ മത്സരത്തിലൂടെ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ സഹായകമാകും. എന്താ, നിങ്ങളുടെ കുഞ്ഞുവാവയും ഇനിമുതല്‍ ഒരു മുതലാളിയാകട്ടെ, അല്ലേ?