‘ഉണ്ണി മൂത്രം പുണ്യാഹം’ എന്നാണ് ചൊല്ല്. എന്നാല്‍ രാവിലെ എഴുന്നേറ്റ് ജീവിതത്തിലെ പ്രധാനമായ ഒരു ഇന്‍റര്‍വ്യൂവിന് തയ്യാറായി പോകുന്ന പെണ്‍കുട്ടിയുടെ നേര്‍ക്കാണ് ഉണ്ണിക്കുഞ്ഞിന്‍റെ പുണ്യാഹം തളിയെങ്കിലോ? ഇന്‍റര്‍വൂവിന് പോകുന്ന കുട്ടിക്കും ബുദ്ധിമുട്ട്; കുട്ടിയുടെ അമ്മയായ നിങ്ങള്‍ക്കും ബുദ്ധിമുട്ട്. പക്ഷേ, അമ്മ അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ബുദ്ധിമുട്ടുകളാണ് ഇതെല്ലാം.
കാര്യം കുറച്ച് സീരിയസ് തന്നെയാ. ദീര്‍ഘയാത്രയ്‌ക്കിടയില്‍ കുട്ടികള്‍ ഉണ്ടാക്കുന്ന രസങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുന്നതാണ് കുട്ടികള്‍ ഉണ്ടാക്കുന്ന മിനക്കേടുകളും. ഒപ്പമുള്ളത് നല്ല അമ്മയാണെങ്കില്‍ കുട്ടികളോടൊപ്പമുള്ള യാത്ര അമ്മമാര്‍ക്കും സഹയാത്രികര്‍ക്കും വളരെ സന്തോഷപ്രദമായിരിക്കും. അല്ലെങ്കിലോ കരിദിനം പോലെ ദുസ്സഹമായിരിക്കും ആ യാത്രയെന്ന് പറയാതെ തന്നെ അറിയാമല്ലോ.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള വൈകുന്നേരത്തെ ട്രെയിനില്‍ ഞാനും യാത്രക്കാരിയായിരുന്നു. ഒരു രണ്ട് വയസ്സുകാരിയെയും കൊണ്ട് കാണാന്‍ സുന്ദരിയായ ഒരു സ്ത്രീ (കുട്ടിയുടെ അമ്മ?)യും കമ്പാര്‍ട്‌മെന്‍റില്‍ കയറി. ട്രെയിനില്‍ കയറിയ പാടെ കുഞ്ഞിന് ഒരാഗ്രഹം ലഗേജ് വെയ്‌ക്കുന്ന ബെര്‍ത്തില്‍ ഇരിക്കണം. നിറഞ്ഞ മനസ്സോടെ അമ്മ കുട്ടിയെ ലഗേജ് ബെര്‍ത്തില്‍ കയറ്റിയിരുത്തി.
രണ്ടുവയസുകാരി ഉടന്‍ തന്നെ ബെര്‍ത്ത് ഒരു കളിക്കളമാക്കി. താഴെയുള്ള സീറ്റിലിരിക്കുന്ന യാത്രക്കാര്‍ അസ്വസ്ഥരാണെങ്കിലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാതെ ഇരിക്കുകയാണ്. കുട്ടിയുടെ അമ്മയാണ് മിടുക്കി. തന്‍റെ കുഞ്ഞിനെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ ഏറ്റവും പുതിയ ഏതോ എന്‍ സീരീസ് മൊബൈലുമായി കൊഞ്ചിക്കളിക്കുന്നു. ട്രയിന്‍ ഓടിത്തുടങ്ങി രണ്ട് സ്റ്റോപ്പ് കഴിഞ്ഞു കാണും. കുട്ടി എഴുന്നള്ളി പോയ മുകളിലത്തെ ബെര്‍ത്തില്‍ നിന്നും അതാ കുടു കുടെ വെള്ളം. തൊട്ടപ്പുറത്തിരുന്ന അമ്മച്ചി പറഞ്ഞു ‘ദേ കുട്ടി മൂത്രമൊഴിക്കുന്നു’. ഉടന്‍ തന്നെ വലിയൊരു ടവ്വലുമായി കഥാനായിക വന്നു. ഉണ്ണിമൂത്രമെല്ലാം ടവ്വലും കൊണ്ട് ഒപ്പി.
ബെര്‍ത്തിന് താഴെയുള്ള സീറ്റ് കഥാനായിക ഉടന്‍ തീറെഴുതി എടുത്തു. അവിടെയിരുന്ന രണ്ടുപേരെയും അപ്പുറത്തെ സീറ്റിലേക്ക് അയച്ചു. രണ്ട് മണിക്കൂര്‍ യാത്രയാണ് നിലമ്പൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ. പുറത്ത് ശക്തമായ മഴ പെയ്‌തു കൊണ്ടേയിരുന്നു. ആള്‍ക്കാര്‍ നനഞ്ഞ കുടയുമായി ആകെ അസ്വസ്ഥരായാണ് ട്രെയിനില്‍ കയറുന്നത്. ഇതിനിടയിലാണ് കഥാനായിക അമ്മയ്‌ക്കും കുഞ്ഞിനും പരസ്‌പരം കൊഞ്ചിക്കല്‍.
അഞ്ചു പേര്‍ക്കിരിക്കാവുന്ന സീറ്റിന്‍റെ മുക്കാല്‍ ഭാഗവും അമ്മയും കുഞ്ഞും കൈവശപ്പെടുത്തിയിരിക്കുകയാണ്. കോരിച്ചൊരിയുന്ന മഴയത്ത് കയറിവരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ സീറ്റിലേക്ക് നോക്കാമെന്നല്ലാതെ വേറെ നിര്‍വ്വാഹമൊന്നുമില്ല. ഷൊര്‍ണൂര്‍ എത്തുന്നിടം വരെ അമ്മയും കുഞ്ഞും തങ്ങളുടെ കുഞ്ഞിക്കളികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. യാത്രക്കാരില്‍ ഒരാള്‍ പോലും അത് ആസ്വദിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും.
പറഞ്ഞുവരുന്നത് കുഞ്ഞുങ്ങളെ ആര്‍ക്കും ഇഷ്‌ടമില്ലെന്നല്ല. പക്ഷേ, സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാകരുത് കുഞ്ഞുങ്ങളുമൊത്ത് പുറത്തു പോകുമ്പോള്‍ നിങ്ങള്‍ (അമ്മമാര്‍) യാത്ര ചെയ്യുന്നത്. രണ്ട് വയസ്സുകാരിയായ കുട്ടിക്ക് അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്. പക്ഷേ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കുന്നത് പോലെയിരിക്കും ആ സാമാന്യബോധം.
കൊച്ചുകുട്ടികളുടെ സമയത്തിനും സന്ദര്‍ഭത്തിനും നിരക്കാത്ത കൊഞ്ചലുകള്‍ പരിഗണിക്കുന്നവരായിരിക്കില്ല നിങ്ങളോടൊപ്പം യാത്രം ചെയ്യുന്നവര്‍. നിരവധി ടെന്‍ഷനുകള്‍ ഉള്ളവരായിരിക്കും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നത്. അവര്‍ക്ക് നിങ്ങളുടെ സന്ദര്‍ഭോചിതമല്ലാത്ത കുട്ടിക്കളികള്‍ ഒരിക്കലും തമാശയായി അനുഭവപ്പെടില്ല, ശല്യമായി തോന്നുമെന്നത് ഒരു നഗ്‌നസത്യം മാത്രം. അതുകൊണ്ട് എത്രയും പെട്ടെന്ന് നിങ്ങള്‍ ഒരു നല്ല അമ്മയാകൂ.