പാശ്ചാത്യരുടെ സന്താന ദുഃഖത്തിന് ഇന്ത്യന്‍ അമ്മമാര്‍ പരിഹാരം നല്‍കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ളത്. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കാന്‍ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെ അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ അമ്മമാരിലായി കണ്ണ്.
ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം കുറ്റമല്ലാതാക്കിയത് അമേരിക്കന്‍ സ്വവര്‍ഗാനുരാഗികള്‍ക്കാണ് അനുഗ്രഹമായി മാറിയത്. കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ള ‘ഗേ’കള്‍ (പുരുഷ സ്വവര്‍ഗാനുരാഗി) ഇന്ത്യന്‍ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ ഒരു ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതിനും കുട്ടിയെ സ്വന്തമാക്കുന്നതിനും അധികം പണച്ചെലവുകളോ മറ്റ് തലവേദനകളോ ഇല്ല എന്നതാണ് അവരെ ആകര്‍ഷിക്കുന്നത്.
2002 മുതല്‍ ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിയമപരമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ മേഖല വളര്‍ന്ന് പന്തലിച്ച് 445 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ സാമ്രാജ്യമായി എന്ന് പറയുമ്പോള്‍ ഇതിന്റെ വ്യാപ്തിയെ കുറിച്ച് നമുക്ക് ഊഹിക്കാന്‍ സാധിക്കും.
അടുത്തിടെ അമേരിക്കയില്‍ നിന്നെത്തിയ ഗ്രീബ്-ഫിസ്റ്റര്‍ ഗേ ദമ്പതികള്‍ ഒരു കുട്ടിയെ ലഭിക്കാനായി ആകാവുന്നതെല്ലാം ചെയ്തു. ദത്തെടുക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ചു. ഇതിനിടെ, ഗുജറാത്തിലെ ആനന്ദില്‍ വന്ധ്യതാനിവാരണ ക്ലിനിക്ക് നടത്തുന്ന ഡോ. നയന പട്ടേലിന്റെ ഒരു പരിപാടി ഇവര്‍ കാണാനിടയായി. ആ സമയവും ഇന്ത്യയില്‍ നിന്ന് പരമ്പരാഗത ദമ്പതികള്‍ക്ക് അല്ലാതെ ഒരു വാടക ഗര്‍ഭപാത്രം ലഭിക്കുമെന്ന വിശ്വാസം അവര്‍ക്കില്ലായിരുന്നു.
ഇന്ത്യന്‍ വംശജനായ ഒരാള്‍ നടത്തുന്ന ഏജന്‍സിയാണ് ഇവരെ സഹായിച്ചത്. തുടര്‍ന്ന്, ഇന്ത്യയില്‍ വാടക അമ്മയെയും ക്ലിനിക്കും തെരഞ്ഞെടുത്തു. കുട്ടിക്കായി ഫിസ്റ്ററുടെ ബീജം ഉപയോഗിക്കാന്‍ ദമ്പതികള്‍ തമ്മില്‍ ധാരണയിലെത്തി. ഫിസ്റ്റര്‍ ഇന്ത്യയിലെത്തി വാടക അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ച് മടങ്ങുകയും ചെയ്തു. ഇതുവരെ, ഈ ദമ്പതികള്‍ക്ക് 40,000 ഡോളറാണ് ചെലവായത്. ഇതില്‍ 8,000 ഡോളറാണ് അമ്മയ്ക്ക് പ്രതിഫലമായി നല്‍കുന്നത്.
സ്കാനിംഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ എല്ലാം ഇവര്‍ക്ക് അമേരിക്കയില്‍ ഇ-മെയില്‍ വഴി ലഭിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശരിതന്നെ, ഇന്ത്യന്‍ സ്ത്രീകള്‍ ഈ മേഖലയിലും ചൂഷണം ചെയ്യപ്പെടുകയല്ലേ? ആരോഗ്യപരമായും സാമ്പത്തികപരമായും ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീകള്‍ ഈ മേഖലയില്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിലെ ഓരോ വന്ധ്യതാ ചികിത്സാലയത്തിലും ഒരു ദിവസം വാടക അമ്മമാരുടെ ലഭ്യത തിരക്കി ശരാശരി 20 ഇ-മെയിലുകളാണ് ലഭിക്കുന്നത്. ഒരു കുട്ടിയെ ചുമന്ന് പ്രസവിക്കുന്നതിന് 10 ലക്ഷം രൂപ വരെ ലഭിക്കുമെന്നതിനാല്‍ ഇടത്തരക്കാരായ ഇന്ത്യന്‍ ദമ്പതികള്‍ പരസ്പര ധാരണയോടെ ഭാര്യയുടെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സംഭവങ്ങളും ഉണ്ട്. ഇത്തരക്കാര്‍ ജീവിത സൌകര്യം വര്‍ദ്ധിക്കാനായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുമ്പോള്‍ ചേരിനിവാസികളായ അമ്മമാര്‍ ജീവിതം കരുപ്പിടിപ്പിക്കാനായാണ് വാടക ഗര്‍ഭം ചുമക്കുന്നത്.
ഇടത്തരക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം ഗര്‍ഭപാത്രത്തിനു നല്‍കുന്ന വാടകയിലും പ്രതിഫലിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ഒരു ലക്ഷം രൂപവരെയും വിദ്യാഭ്യാസമുള്ള ഇടത്തരക്കാര്‍ക്ക് 10 ലക്ഷം രൂപ വരെയുമാണ് നല്‍കുന്നത്. പാവപ്പെട്ട സ്ത്രീകള്‍ തുടര്‍ച്ചയായി അമ്മമാരാവുന്നത് മൂലമുള്ള ആരോഗ്യ തകര്‍ച്ചയെ കുറിച്ചും ബോധവതികളല്ലെന്ന് വിമര്‍ശകര്‍ പറയുന്നു. വ്യക്തമായ നിയമത്തിന്റെ അഭാവവും ദീര്‍ഘനാളായി വിമര്‍ശന വിധേയമാണ്.