ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ‘ദീപങ്ങളുടെ ആവലി’യെ വരവേല്‍‌ക്കാന്‍ (To welcome the festival of lights..)
Feedback Print Bookmark and Share
 
PRO
PRO
നേരം സന്ധ്യയോടടുത്ത് തുടങ്ങുമ്പോഴേക്കും അവിടവിടെയായി പടക്കങ്ങള്‍ പൊട്ടുന്ന ഒച്ച കേള്‍ക്കാം. ഓരോ ദിവസം കഴിയുന്തോറും പൊട്ടുന്ന പടക്കങ്ങളുടെ എണ്ണം കൂടിക്കൂടി വരും. ഉത്‌സവങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേല്‍ക്കാന്‍ നാടും നാട്ടുകാരും ഒരുങ്ങുന്നതിന്‍റെ കുഞ്ഞ് കുഞ്ഞ് ബഹളങ്ങളാണ് ഇതെല്ലാം.

പടിവാതില്ക്കലെത്തി നില്‍ക്കുന്ന ദീപാവലിയെ ഉമ്മറത്തേക്ക് കയറ്റിയിരുത്താന്‍ വീട്ടമ്മമാരും തയ്യാറെടുത്തു കഴിഞ്ഞു. ദീപാവലിയെ ചെലവ് കുറച്ച് ആഘോഷങ്ങളുടെ ആഘോഷമാക്കാന്‍ ഒരു ചെറിയ മനസ്സ് മതി. അലങ്കാരപണികള്‍ മുതല്‍ പടക്കം പൊട്ടിക്കുന്നത് വരെ വളരെ ചെലവ് കുറച്ച് സുന്ദരമാക്കാം. എന്താ റെഡിയല്ലേ?

ദീപാവലിയുടെ സൌന്ദര്യം ആഘോഷങ്ങളോടനുബന്ധിച്ചുള്ള അലങ്കാരപണികളിലാണ്. വീടിന് കൂടുതല്‍ അഴക് നല്കുന്ന തോരണങ്ങള്‍ ഒരുക്കുകയാണല്ലോ പ്രധാന പരിപാടി. പ്ലാസ്‌റ്റിക് തോരണങ്ങള്‍ വാങ്ങി കാശ് കളയുന്നതിന് മുമ്പ് വസ്‌ത്രം ഇരിക്കുന്ന അലമാര ഒന്നു തുറക്കൂ. വിവിധ വര്‍ണങ്ങളിലും ഭാവങ്ങളിലും ഇരിക്കുന്ന നിങ്ങളുടെ പഴയ ദുപ്പട്ടകളില്ലേ അവിടെ? ഇനി വെറുതേ പ്ലാസ്‌റ്റിക് തോരണങ്ങളുടെ പിറകെ നടന്ന് മിനക്കെടേണ്ട.

ദുപ്പട്ടകളെ നിങ്ങളുടെ കലാഭിരുചിക്കിണക്കി തോരണങ്ങളാക്കൂ. വെട്ടിത്തിളങ്ങുന്ന പ്ലാസ്‌റ്റിക് തോരണങ്ങള്‍ പിന്നിലേക്ക് എപ്പോള്‍ എത്തിയെന്ന് ചോദിച്ചാല്‍ മതി! ഒപ്പം മുറ്റത്തെ പൂച്ചെടിയില്‍ നിന്ന് ലഭിക്കുന്ന ‘ഫ്രഷ് ഫ്‌ളവേഴ്‌സ്’ കൊണ്ട് ഒരു മിനുക്കുപണിയും. ദീപാഘോഷങ്ങളെ എതിരേല്ക്കാനുള്ള ആദ്യപടി റെഡി.

ദീപാവലിയുടെ പ്രധാന ആകര്‍ഷണം പേര് പോലെ തന്നെ ദീപങ്ങളാണ്. ദീപങ്ങളുടെ മാജിക് സൃഷ്‌ടിച്ചെടുക്കാന്‍ ഇതാ‍ ഒരു എളുപ്പവഴി. മണ്‍ചിരാതുകളില്‍ എണ്ണയും തിരിയുമിട്ട് ദീപങ്ങളുടെ കൂട്ടം തയ്യാറാകുന്നതിനൊപ്പം വീടിന്‍റെ മൂലയില്‍ ഒഴിവാക്കി വെച്ചിരിക്കുന്ന ചിമ്മിനിവിളക്കുകള്‍ എടുക്കുക. വിവിധ നിറങ്ങളിലുള്ള വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് ഈ ചിമ്മിനികള്‍ പൊതിയുക. ഇനി വീടിന്‍റെ ഏറ്റവും ശ്രദ്ധകിട്ടുന്ന ഭാഗങ്ങളില്‍ ഈ വിളക്കുകള്‍ വെയ്‌ക്കൂ. കൂട്ടുകാരും കുടുംബക്കാരും ദീപങ്ങളുടെ വര്‍ണ്ണപ്രപഞ്ചം കണ്ട് അമ്പരക്കുമെന്ന് തീര്‍ച്ച. ഒപ്പം വൈദ്യുതി ബില്ലും കുറയും.

ഉത്സവം ഏതായാലും ആഘോഷം എന്തായാലും ഭക്ഷണമൊഴിച്ചൊരു പരിപാടി നമ്മള്‍ മലയാളികള്‍ക്കില്ല. ചെറിയ ആഘോഷങ്ങള്‍ പോലും ‘ഗ്രാന്‍റ്’ ആക്കാന്‍ വലിയ സദ്യ തയ്യാറാക്കുന്നവരാണ് മലയാളികള്‍. ദീപാവലി ദിനത്തില്‍ നിങ്ങളുടെ അതിഥികള്‍ക്ക് ഭക്ഷണക്കാര്യത്തിലും പുതുമ നല്‍കുന്നതിലാണ് മിടുക്ക് എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. സ്‌റ്റീല്‍ പ്ലേറ്റുകള്‍ക്ക് പകരം തൂശനിലയും ഗ്ലാസുകള്‍ക്ക് പകരം കളിമണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ ഗ്ലാസുകളും നല്കാം. സദ്യവട്ടങ്ങള്‍ക്കൊരു നാച്വറല്‍ ടച്ച് കിട്ടിയില്ലേ?

ദീപാലങ്കാരങ്ങള്‍ പോലെ തന്നെ ദീപാവലിയില്‍ ഒരു തരത്തിലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് പടക്കങ്ങള്‍. കുട്ടികളും യുവാക്കളും പ്രായമായവരും ഒരു പോലെ ഇഷ്‌ടപ്പെടുന്നതാണ് പടക്കങ്ങള്‍. പൂത്തിരി, മത്താപ്പ്, കമ്പിപ്പൂത്തിരി തുടങ്ങി വിവിധ പേരുകളിലും രൂപങ്ങളിലും പടക്കങ്ങള്‍ ലഭ്യമാണ്. ആഘോഷത്തിമിര്‍പ്പില്‍ കുട്ടികള്‍ പടക്കങ്ങളുമായി ഇടപെടുമ്പോള്‍ അമ്മമാരുടെ ചെറുതല്ലാത്ത ഒരു ശ്രദ്ധ തന്നെ വേണം. പ്രകാശപൂരിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ കൈ പൊള്ളാതെയും കണ്ണിലേക്ക് ചെറിയ കനലുകള്‍ തെറിക്കാതെയും സൂക്ഷിക്കണം.

അപ്പോള്‍ ദീപാവലി ഒരുക്കങ്ങല്‍ റെഡിയായില്ലേ? വാതില്ക്കല്‍ വന്ന് നില്ക്കുന്ന ആഘോഷപ്പടയ്‌ക്കായി സന്തോഷപൂര്‍വം വാതായനങ്ങള്‍ തുറന്നോളൂ. ഈ ദീപാവലിയെ പാരമ്പര്യത്തിന്‍റെ മുഖച്ചാര്‍ത്തും ‘നാച്വറലിസത്തിന്‍റെ’ മാജിക്കും നല്കി മനോഹരമാക്കൂ. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍