ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » കേരളത്തില്‍ പെണ്‍ബുദ്ധി പിന്‍ബുദ്ധിയല്ല! (Women in Kerala are no mere addicts to TV serials)
 
WD
‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’യെന്ന് ആക്ഷേപിക്കുന്നവര്‍ക്കെല്ലാം ഇനി വായടയ്‌ക്കാം. ബുദ്ധിയുടെയും വിവരത്തിന്‍റെയും കാര്യത്തില്‍ ഇപ്പോഴുള്ള പെണ്ണുങ്ങളെല്ലാം ഒരുപടി മുമ്പിലാണ്. ടിവിയിലാണെങ്കിലും ഇന്‍റര്‍നെറ്റിലാണെങ്കിലും പെണ്‍ബുദ്ധി തിരയുന്നത് അല്പമെങ്കിലും കാമ്പുള്ള കാര്യങ്ങളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സന്ധ്യാനേരങ്ങളെ സന്താപത്തിലാഴ്ത്തുന്ന ‘ഗ്ലിസറിന്‍’ സീരിയലുകളോടൊക്കെ നമ്മുടെ മലയാളിവീട്ടമ്മമാര്‍ വിടപറഞ്ഞുവത്രേ.

സംസ്ഥാന വനിതാകമ്മീഷന്‍റെ മാധ്യമ നിരീക്ഷണ സെല്‍ നടത്തിയ സര്‍‌വേയിലാണ് പുതിയ കണ്ടെത്തല്‍. കണ്ണീര്‍ സീരിയലുകള്‍, ഡപ്പാംക്കൂത്ത് പാട്ടുകള്‍, നാലാംകിട സിനിമകള്‍ എന്നിവയിലേക്കൊന്നും നമ്മുടെ വീട്ടമ്മമാര്‍ ഇപ്പോള്‍ റിമോട്ട് ട്യൂണ്‍ ചെയ്യാറില്ലത്രേ. റിയാലിറ്റി ഷോകളിലെ കണ്ണീരും വീട്ടമ്മമാര്‍ക്ക് അയിത്തമായി തുടങ്ങി.

സന്ധ്യകാലങ്ങളെ സജീവമാക്കുന്ന വാര്‍ത്തകളും വാര്‍ത്താ ചാനലുകളും കാണാനാണ് മിക്കവാറും വീട്ടമ്മമാര്‍ ശ്രദ്ധിക്കുന്നത്. അമ്പത് ശതമാനത്തിലധികം സ്ത്രീകളും ഈ ‘കാറ്റഗറി’യില്‍പ്പെട്ടവരാണ്. സമകാലിക സംഭവങ്ങളെയും വാര്‍ത്തകളെയും ‘അപ്‌ഡേറ്റ്’ ചെയ്യുന്നവരാണ് ഏറെയും. ഇതില്‍ തന്നെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള സ്ത്രീകളാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്.

കഷ്‌ടപ്പെട്ട് ബുദ്ധിമുട്ടി തമാ‍ശകള്‍ തട്ടിക്കൂട്ടുന്നവരോടും വീട്ടമ്മമാര്‍ക്ക് കലിപ്പാണത്രേ. സിനിമാലയും കോമഡി ടൈമും കോമഡി ഷോകളും കണ്ട് നിലവാരം കുറഞ്ഞ ചിരി ചിരിക്കാന്‍ ഇവരെ ഇനി കിട്ടുമെന്നും തോന്നുന്നില്ല. ഇതൊന്നും ഇവരെ ആകര്‍ഷിക്കാറ് പോലുമില്ലെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. പകരം സമകാലിക സംഭവങ്ങളെ ആസ്‌പദമാക്കി വാര്‍ത്താചാനലുകളില്‍ വരുന്ന ‘പൊളിട്രിക്‌സ്‘, ‘തിരുവാ എതിര്‍വാ’ എന്നീ പരിപാടികള്‍ കണ്ട് ഇന്‍റലക്‌ച്വലായി ചിരിക്കുന്നവരാണത്രേ മിക്കവരും.

വെറുതെയല്ല വാര്‍ത്തകള്‍ മൊത്തം അരച്ചുകലക്കി കുടിക്കാന്‍ നാരീമണികള്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നത്. നാടും നാട്ടുകാരും മാറിത്തുടങ്ങി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇങ്ങെത്തും. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സ്ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപാനങ്ങളില്‍ അമ്പത് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ആണും പെണ്ണും തുല്യം തുല്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ തുല്യമാണെങ്കിലും ഭരണം ആണുങ്ങള്‍ തന്നെ നടത്തുമെന്ന് സ്വപ്നം കണ്ട് നടന്നവരുണ്ട്. എന്നാല്‍ അതൊക്കെ അസ്ഥാനത്താകുമെന്ന് ഈ പുതിയ വാര്‍ത്ത നമ്മെ ധൈര്യപ്പെടുത്തുന്നു. സീരിയലുകളിലെ കണ്ണീര്‍നായികമാരെ ‘അവോയ്ഡ്’ ചെയ്‌ത് സമൂഹത്തിലും രാഷ്‌ട്രീയത്തിലും ‘ബോള്‍ഡാ’യ ഒരു ഇടം കണ്ടെത്തിയവരോടാണ് ഇപ്പോഴുള്ളവര്‍ക്ക് ഇഷ്‌ടം. റിയാലിറ്റി ഷോകളേക്കാള്‍ ജീവിതമാകുന്ന റിയാലിറ്റിയെ അടുത്ത് മനസ്സിലാക്കുന്ന ഇവരുടെ കൈകളില്‍ വരുംകാലങ്ങളില്‍ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് നൂറ് ശതമാനവും വിശ്വസിക്കാം.

വാല്‍ക്കഷണം: ഈ വാര്‍ത്ത കേട്ടതോടെ പല പുരുഷകേസരികള്‍ക്കും ബോധക്ഷയം വന്നെന്നാണ് കേള്‍വി. വിവരവും വിജ്ഞാനവുമായി മലയാളത്തിലെ രാഷ്‌ട്രീയനാരികള്‍ പഞ്ചായത്തുകളിലെത്തുമ്പോള്‍ പിടിച്ചു നില്ക്കാന്‍ എഫ്ടിവിയില്‍ നിന്ന് ചാടി എന്‍ഡിടിവി കാണുകയാണ് ആണ്‍തരികള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍