സെപ്‌റ്റംബര്‍ മാസത്തിലെ നാലാമത്തെ ഞായറാഴ്‌ച മകളുടെ ദിനമായി ആചരിക്കുമ്പോള്‍ വഴിയില്‍ നഷ്‌ടപ്പെട്ടു പോയ പെണ്‍ കുഞ്ഞുങ്ങളുടെ അമ്മമാരെ പറ്റി ആരെങ്കിലും ഓര്‍ക്കുമോ? കാമവെറിയന്മാര്‍ കഴുകന്‍ കണ്ണുകളുമായി പതിയിരിക്കുന്നവരുടെ ഇടയില്‍ തന്‍റെ മകളെ നഷ്‌ടപ്പെട്ടുപോയ അമ്മമാര്‍ എത്രയധികം. അതൊലൊരമ്മ എഴുതുകയാണ്....
പ്രിയ മകളേ,
നീ അരികിലുണ്ടാരുന്നെങ്കില്‍ നിന്‍റെ മൂര്‍ദ്ധാവില്‍ എനിക്ക് ഉമ്മ വെയ്‌ക്കാമായിരുന്നു. നിന്‍റെ കവിളുകളില്‍ പിടിച്ച് കൊഞ്ചിക്കാമായിരുന്നു. കഥകള്‍ പറഞ്ഞുതന്ന് ചോറുരുളകള്‍ വായിലേക്ക് തരാമായിരുന്നു. പുലര്‍കാലങ്ങളില്‍ നെറുകയില്‍ ചുംബിച്ച് ഉണര്‍ത്താമായിരുന്നു. പക്ഷേ, എനിക്കറിയില്ല. ഇന്ന് എന്‍റെ അരികില്‍ നീയില്ല. വൃത്തികെട്ട ഈ കാലം നിന്നെ കൊന്നോ? നശിപ്പിച്ചോ? നിന്നില്‍ ജീവന്‍റെ ഒരു അംശമെങ്കിലും ഉണ്ടെങ്കില്‍ നീ തിരിച്ചു വരുമെന്ന് എനിക്കറിയാം. എന്‍റെ മോളേ എനിക്കത്രയധികം വിശ്വാസമാ.
നീ എന്നില്‍ നിന്നകന്ന് പോയിട്ട് ഒരുവര്‍ഷത്തിലധികമായി. നിന്നെത്തേടി ഞാന്‍ അലയാത്ത വഴികളില്ല, മുട്ടാത്ത വാതിലുകളില്ല, കാണാത്ത ആളുകളില്ല. രാവിലെയും വൈകുന്നേരവും നിനക്ക് വേണ്ടി നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. എല്ലാദിവസവും കോവിലില്‍ പോയി ഞാന്‍ പ്രാര്‍ത്ഥിക്കും, എന്‍റെ പൊന്നുമോളെ ആരും നശിപ്പിക്കരുതേന്ന്. എന്നെങ്കിലും ഒരിക്കല്‍ എന്‍റെ മോള് വരുമെന്ന് എനിക്കറിയാം.
കഴിഞ്ഞ വര്‍ഷം നല്ല മഴയുള്ള ഒരു ദിവസമാ നിന്‍റെ കൂട്ടുകാരി കരഞ്ഞ് കൊണ്ടോടി ഇവിടെ വന്നത്. കുറേ ആളുകള്‍ ചേര്‍ന്ന് മോളെ ബലമായി ഒരൂ വാനില്‍ കയറ്റിക്കൊണ്ട് പോയെന്നും പറഞ്ഞു. വീടിന്‍റെ ഓല മാറ്റിയിടാന്‍ വന്ന രാഘവന്‍ അപ്പോള്‍ പണിനിര്‍ത്തി. എന്‍റെ പൊന്നുമോളെ കണ്ടെത്തിയിട്ടേ ഇനി പണി തുടങ്ങുകയുള്ളൂവെന്ന് പറഞ്ഞു. പുതിയ ഓല ഇതുവരെ ഇട്ടില്ല. മഴയത്ത് വീട്ടിലും മഴയാണ്. എത്ര മഴ പെയ്‌താലും നിന്‍റെ കുഞ്ഞുടുപ്പുകളും പഴയക്ലാസ്സിലെ പുസ്‌തകങ്ങളും ഞാന്‍ നനയാതെ സൂക്ഷിക്കാറുണ്ട്.
മോള്‍ തിരിച്ചുവരുന്ന ദിവസം മാത്രമാണ് ഇപ്പോള്‍ എന്‍റെ സ്വപ്‌നങ്ങളില്‍. എന്നാലും ടിവിയിലും പത്രത്തിലും ഒക്കെ വാര്‍ത്ത കാണുമ്പോള്‍ ഉള്ളില്‍ ഭയമാ. ആറാംക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം കൊന്നു കായലില്‍ ഉപേക്ഷിച്ച ഒരു വാര്‍ത്ത കുറേക്കാലം മുമ്പ് കണ്ടു. ആ വാര്‍ത്തയില്‍ പറയുന്ന യൂണിഫോമിന്‍റെ നിറമൊക്കെ മോളുടെ യൂണിഫോമിന്‍റെ നിറമാണ്. പക്ഷേ ആ കുട്ടിയുടെ മുടിക്ക് നീളമില്ലായിരുന്നു. അപ്പോള്‍ അത് എന്‍റെ മോളല്ല എന്ന് എനിക്കുറപ്പായി. എന്‍റെ മോള് തിരിച്ചുവരുമെന്നാണ് മനസ്സ് പറയുന്നത്. മാറ്റിപ്പറയാന്‍ എനിക്ക് ധൈര്യമില്ല.
എന്നും പത്രത്തില്‍ കാണാം സ്‌കൂള്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു കൊന്നു. അച്‌ഛന്‍ പീഡിപ്പിച്ചു കൊന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്ക്കാരന്‍ ദുരുപയോഗം ചെയ്‌തു എന്നൊക്കെ. എന്‍റെ മോള് അങ്ങനെ ഏതെങ്കിലും കാമവെറിയന്‌മാരുടെ കൈയിലാണോ? അല്ലല്ലോ? എന്‍റെ മോള് ഇത് വായിക്കുമോ? ഇത് വായിച്ചാല്‍ ഈ അമ്മയെ തേടി വരുമോ? എന്‍റെ മോളുടെ അമ്മ ഈ ഉമ്മറവാതില്‍ക്കല്‍ എപ്പോഴും കാണും.
മോളെ തേടി ഞാന്‍ ഒരുപാട് നടന്നു. മന്ത്രിമാര്‍ക്കും കുറേ വനിതാ നേതാക്കള്‍ക്കും പരാതി കൊടുത്തു. രാഘവനും ഞാനും ചെന്ന് എല്ലാവരെയും നേരിട്ട് കണ്ടു. പക്ഷേ, എന്‍റെ മോളെ നഷ്‌ടപ്പെട്ടതിന്‍റെ സങ്കടം എനിക്കല്ലേ അറിയൂ. ഈ വേദനയുടെ പകുതിയെങ്കിലും നമ്മുടെ നേതാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ മോള്‍ എന്നേ എന്നോടൊപ്പം എത്തിയേനെ. മോളെ നീ തിരിച്ചുവരില്ലേ? നിനക്ക് വേണ്ടി ഈ അമ്മ കാത്തിരിക്കുകയാണ്.