ബ്രേക്കിംഗ് ന്യൂസുകള്‍ നമ്മുടെ സ്വീകരണ മുറിയില്‍ എത്തിക്കുന്ന സുന്ദരികളായ വാര്‍ത്താ വായനക്കാരികളും എക്‌സ്‌ക്ലുസീവ് വാര്‍ത്തകള്‍ കണ്ടെത്തി ആണ്‍പിള്ളാരെക്കാള്‍ സ്‌മാര്‍ട്ടായി ‘സ്‌റ്റാര്‍’ ആകുന്ന വനിതാ ജേണലിസ്റ്റുകളും നമുക്കിന്ന് പുതുമയുള്ള കാഴ്ചകളല്ല. അയലത്തെ വീട്ടിലെ കുട്ടിയെ പോലെ, അല്ലെങ്കില്‍ തൊട്ടടുത്തിരിക്കുന്ന വീട്ടുകാരിയെ പോലെ അത്രയ്ക്ക് അടുപ്പമാണ് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മിടുക്കിക്കുട്ടികളോട് നമുക്ക് തോന്നാറ്.
മൊബൈലും വീഡിയോ കോണ്‍ഫറന്‍സിംഗും സര്‍വസാധാരണ സംഭവമായതോടെ ‘വെറും വാര്‍ത്താവായന’ മറഞ്ഞുകഴിഞ്ഞു. വാര്‍ത്തയില്‍ പറയുന്നതിനെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ വാര്‍ത്താവായന മുന്നേറുന്നത്. എത്ര വലിയ സെലിബ്രിറ്റി ആയാലും ഭേദിക്കാനാകാത്ത അസ്ത്രങ്ങളെപ്പോലെ ഈ മിടുക്കികള്‍ ചോദ്യങ്ങള്‍ തൊടുക്കും. ന്യൂസ് റൂമില്‍ ‘ലോകകാര്യങ്ങള്‍‘ വിരല്‍ തുമ്പിലിട്ട് അമ്മാനമാടുന്ന ഈ മിടുക്കികള്‍ക്ക് മുന്നില്‍ ബുദ്ധിജീവികള്‍ പോലും വിയര്‍ക്കുന്നത് കാണാറുണ്ട്.
പ്രതിഭയെ തേച്ചു മിനുക്കി കാരിരുമ്പിനേക്കളും മുര്‍ച്ചയുള്ള ചോദ്യങ്ങളുമായി രാഷ്‌ട്രീയ - സാമൂഹിക - സാംസ്‌ക്കാരിക നേതാക്കളെ സൂചിമുനയില്‍ നിര്‍ത്തുന്ന മിടുക്കികള്‍ മലയാള ചാനലുകളിലെ നിറസാന്നിധ്യമാണ്. ‘സീനിയര്‍’ വായനക്കാര്‍ എത്തിയില്ലെങ്കില്‍ വായനയുടെ കടുപ്പവും, വാര്‍ത്ത അവതരിപ്പിക്കുന്നതിലെ ലാളിത്യവും നന്നായി കൈകാര്യം ചെയ്യുന്നവരാണ് പുതുതലമുറയില്‍ നിന്ന് എത്തുന്നവരില്‍ മിക്കവരും.
എന്നാല്‍, ന്യൂസ് റൂമുകളില്‍ മിന്നിത്തിളങ്ങുമ്പോഴും ഫീല്‍ഡില്‍ നിന്ന് ബ്രേക്കിംഗ് ന്യൂസ് വേഗത്തില്‍ വിളിച്ചറിയുക്കുമ്പോഴും നിരവധി പ്രശ്‌നങ്ങളെ കൂടിയാണ് ഇവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. അടിസ്ഥാനകാര്യമായ ശമ്പളം മുതല്‍ കമ്പനിയിലെ സ്ഥാനക്കയറ്റം വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ പ്രശ്നങ്ങള്‍ നേരിടുന്നു. കാരണം, ഇവര്‍ സ്ത്രീകളാണ് എന്നതുതന്നെ!
അടിസ്ഥാന ശമ്പളം എല്ലായിടത്തും ഒരു പോലെയാണെങ്കിലും ജോലി തുടങ്ങി കഴിഞ്ഞാല്‍ എല്ലാ മാസവും ക്രമത്തില്‍ ഇത് കിട്ടുമെന്ന് ആരും നിര്‍ബന്ധം പിടിക്കരുത്. മാധ്യമപ്രവര്‍ത്തനം ആവേശമായി കൊണ്ടുനടക്കുന്ന പലരും കേരളത്തിലെ പേരുകേട്ട വാര്‍ത്താചാനലുകളില്‍ ആരംഭകാലങ്ങളില്‍ ശമ്പളമില്ലാതെ മാസങ്ങളും വര്‍ഷങ്ങളും പണിയെടുത്തത് മറക്കാറായിട്ടില്ല. ഇത് സ്ത്രീ ജേണലിസ്റ്റുകളുടെ കാര്യം മാത്രമല്ലെന്നും പറയട്ടെ.
എന്നാല്‍, ‘സാലറി സ്‌കെയില്‍’ ഉയര്‍ന്നാലും പലയിടത്തും വനിതകളുടെ ശമ്പള സ്‌കെയില്‍ ഉയരാറില്ല. ന്യൂസ് റൂം നല്കുന്ന ഗ്ലാമറില്‍ രമിച്ചു പോകുന്നവര്‍ ശമ്പളത്തിന്‍റെ കാര്യം മറന്നു പോകുകയും ചെയ്യും. ജീവിതം സ്ഥാപനത്തെ സേവിക്കല്‍ മാത്രമല്ലെന്ന് അറിയുമ്പോഴേക്കും മിക്ക പെണ്‍കുട്ടികളും കല്യാണപന്തലില്‍ എത്തിയിരിക്കും. പിന്നെ ഒരു വിടവാങ്ങലാണ്, ന്യൂസ് റൂമുകളില്‍ കത്തിപ്പടര്‍ന്നിരുന്ന ഈ പെണ്‍കുട്ടികള്‍ സ്ഥാപനത്തിന് ഒരു വലിയ നഷ്‌ടമാണെങ്കിലും പുതിയ ഒരാളെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ സ്ഥാപനങ്ങള്‍ ആശ്വസിക്കുന്നു.
താന്‍പോരിമയുടെയും പെണ്‍ബുദ്ധികളെ അംഗീകരിക്കാന്‍ മടി കാട്ടുന്നവരുടെയും പ്രൊഫഷന്‍ കൂടിയാണ് മാധ്യമലോകമെന്നതും പറയാതെ വയ്യ. പോളിറ്റ് ബ്യൂറോ യോഗങ്ങളും, എന്തിന് സിപിഎമ്മിന്‍റെ ലോക്കല്‍ മീറ്റിംഗുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ ആണൊരുത്തന്‍ എപ്പോഴും മുന്നിട്ടിറങ്ങി നില്ക്കും. മാധ്യമപ്രവര്‍ത്തനത്തില്‍ സഹയാത്രികയ്ക്കും തനിക്കും ഒരേ ‘സ്റ്റാന്‍ഡേര്‍ഡ്‘ ആണെന്ന് അറിയാമെങ്കിലും അംഗീകരിക്കാന്‍ ഒരു മടി.
ഇത് വാര്‍ത്താലോകത്തിന്‍റെ ഏറ്റവും ആദ്യത്തെ പടി. ഇനിയുമുണ്ട് നൂറു പടികള്‍. കമ്പനി ബോര്‍ഡ്, ഉന്നതതല മാനേജ്‌മെന്‍റ് എന്നു തുടങ്ങി മാധ്യമസ്ഥാപനങ്ങളിലെ നിയമനവും പ്രമോഷനുകളും വ്യത്യസ്‌തങ്ങളാണ്. മിക്കവാറും മാധ്യമസ്ഥാപനങ്ങളുടെ ഉന്നതതല ബോര്‍ഡിലും മാനേജ്‌മെന്‍റിലും വനിതകള്‍ എത്താറില്ലെന്നതാണ് സത്യം. എന്നാല്‍ ഹ്യൂമന്‍ റിസോഴ്‌സസ്, മാര്‍ക്കറ്റിംഗ്, അഡ്വൈര്‍ടൈസിങ്, ഫിനാന്‍സ്, അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ ഇതര മേഖലകളില്‍ സ്‌ത്രീകളെ തലപ്പത്ത് നിയമിക്കാറുണ്ടെന്നത് കാണാതിരിക്കാന്‍ വയ്യ.
വാര്‍ത്തകളില്‍ സമത്വത്തിനും സംവരണത്തിനും വേണ്ടി വാദിക്കുമ്പോഴും വാര്‍ത്ത കൊടുക്കുന്നവരുടെ സമത്വവും, സംവരണവുമെല്ലാം മാധ്യമസ്ഥാപനങ്ങള്‍ മനപൂര്‍വം മറക്കുകയാണ്. നാട്ടുകാരുടെ അവകാശങ്ങള്‍ക്കും, കടമകള്‍ക്കും വേണ്ടി പോരാടുമ്പോള്‍ സ്വന്തമായിട്ടുള്ള അവകാശങ്ങളും കടമകളും കണ്ടെത്താന്‍ കഴിയാതെ പോകുകയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍.