“വനിതാ സംവരണ ബില്‍ 100 ദിവസത്തിനകം പാസാക്കാന്‍ ശ്രമിക്കുമെന്ന് രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു!” ഈ വര്‍ഷം ജൂണ്‍ മാസം നാലാം തീയതി ടെലിവിഷന്‍ ചാനലുകളിലും, അഞ്ചാം തീയതി ഇറങ്ങിയ പത്രമാധ്യമങ്ങളിലും പ്രധാന വാര്‍ത്ത ഇതായിരുന്നു. നയപ്രഖ്യാപനം കഴിഞ്ഞിട്ട് നൂറാം ദിവസം തികയുമ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമെന്ന എല്ലിന്‍ കഷണം ഇട്ടു തന്ന് കേന്ദ്രസര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.
വനിതാസംവരണബില്‍ ഇന്ത്യാ മഹാരാജ്യത്തില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പതിനാലാം ലോക്‌സഭയുടെ സമാപന സമ്മേളനത്തില്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു, വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ട്. പതിനഞ്ചാം ലോക്‌സഭയുടെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പല രാഷ്‌ട്രീയപാര്‍ട്ടികളും ഈ ബില്‍ പാസാക്കിയെടുക്കുന്നതില്‍ താല്പര്യം പ്രകടിച്ചു.
പക്ഷേ, 2009ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇതു യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്ന് ഭരണകക്ഷികള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു, അധികാര കസേരയില്‍ ഭരണചക്രം തിരിക്കാന്‍ കോണ്‍ഗ്രസ് വീണ്ടുമെത്തി. സ്‌പീക്കര്‍ കസേരയില്‍ മീരാ കുമാര്‍, രാഷ്‌ട്രപതി കസേരയില്‍ പ്രതിഭാ പാട്ടീല്‍, ഭരിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്ത് സോണിയ ഗാന്ധി. നയപ്രഖ്യാപന പ്രസംഗം നടത്തിക്കൊണ്ട് പ്രതിഭാ പാട്ടീല്‍ പറഞ്ഞത് നൂറു ദിവസത്തിനുള്ളില്‍ വനിതാ സംവരണബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നാണ്.
കേട്ടവര്‍ക്കൊക്കെ അന്നേ സംശയമുണ്ടായിരുന്നു. വല്ലതും നടക്കുമോ എന്നവര്‍ ചോദിക്കുകയും ചെയ്‌തു. അവസാനം ഓഗസ്‌റ്റ് ഇരുപത്തിയേഴാം തീയതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതി ബില്ലിന് അന്നേ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരവും നല്‍കി. പക്ഷേ, പാര്‍ലമെന്‍റില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം എന്നതില്‍ നിന്ന് ഒരുപടി പോലും മുന്നോട്ടു പോകാന്‍ സര്‍ക്കാരിനായില്ല.
വനിതാ സംവരണബില്ലിന് എല്ലാ പ്രാവശ്യത്തെയും പോലെ ഇപ്രാവശ്യവും തടസ്സം നിന്നത് യാദവന്മാരായിരുന്നു. യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ മുലായം സിംഗ് യാദവ് നയം വ്യക്തമാക്കി. ഇപ്പോഴത്തെ രൂപത്തിലുള്ള വനിതാ സംവരണ ബില്ലിനെ അംഗീകരിക്കില്ല എന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം ആദ്യം തന്നെ പറഞ്ഞത്. പിന്നെ ഏതു തരത്തിലുള്ള വനിതാ സംവരണ ബില്‍ എന്ന് ചോദിച്ചാല്‍ അതിലുള്ളത് യാദവന്മാരുടെ പഴയ നിബന്ധനകള്‍ തന്നെ.
33 ശതമാനത്തിനുള്ളില്‍ പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് 33 ശതമാനം സംവരണം കൂടി അനുവദിക്കണമെന്നതാണ് ഇവരുടെ വാദം. ഇന്ത്യയിലെ ഒരു ന്യൂനപക്ഷവിഭാഗമായ യാദവന്മാര്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. അതിനാല്‍, തന്നെ വനിതാസംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ തങ്ങളുടെ സാന്നിധ്യം ഇല്ലാതാകുമോ എന്ന ഭയമാണ് ഇങ്ങനെ പറയാന്‍ യാദവന്മാരെ പ്രേരിപ്പിക്കുന്നത് എന്ന് ആക്ഷേപങ്ങളുണ്ട്.
വനിതാ സംവരണ ബില്‍ ഇപ്പോഴത്തെ നിലയില്‍ പാസാക്കുന്നതിനെതിരെ ജനതാദള്‍ (യു), ശിവസേന എന്നീ കക്ഷികളും രംഗത്തെത്തിയിരുന്നു. പരിഗണന ലഭിക്കാത്ത പാവപ്പെട്ട സ്ത്രീകള്‍ക്ക് മാത്രം സംവരണം നല്‍കിയാല്‍ മതിയെന്നായിരുന്നു ഇവരുടെ പക്ഷം. ഈ രണ്ടു പ്രഖ്യാപനങ്ങള്‍ കേട്ടു കൊണ്ടാണ് പ്രതിഭാ പാട്ടീല്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
അടുത്ത പേജില്‍ - ‘യാദവന്മാര്‍ പറയുന്നതില്‍ കാര്യമുണ്ടോ?’